ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി നടപടി ഊര്‍ജ്ജിതമാക്കി ഇന്ത്യ. വധശിക്ഷയ്ക്കെതിരായ അപ്പീല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും നല്ല ഫലം പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇക്കാര്യത്തില്‍ ഖത്തര്‍ അധികൃതരുമായി ഇന്ത്യ ഇടപെടല്‍ നടത്തുന്നുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ നിയമപരവും കോണ്‍സുലര്‍ സഹായവും സര്‍ക്കാര്‍ തുടര്‍ന്നും നല്‍കുമെന്നും അരിന്ദം ബാഗ്ചി അറിയിച്ചു. 

ഒക്ടോബര്‍ 26ന് ആണ് എട്ട് ഇന്ത്യക്കാര്‍ക്കും ഖത്തര്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വധശിക്ഷ വിധിച്ചത്. ഈ വിധിയെ ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ വിശേഷിപ്പിക്കുകയും കേസിലെ എല്ലാ നിയമ സാധ്യതകളും പരിശോധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യ വധശിക്ഷയ്ക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ചു. 

‘ഖത്തറിന്റെ അപ്പീല്‍ കോടതിയില്‍ ഒരു അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ ഞങ്ങള്‍ ഖത്തര്‍ അധികാരികളുമായി ആശയവിനിമയം തുടരുകയാണ്. കൂടാതെ അവര്‍ക്ക് എല്ലാ നിയമപരവും കോണ്‍സുലാര്‍ സഹായവും ഞങ്ങള്‍ തുടര്‍ന്നും നല്‍കും. കേസിന്റെ സെന്‍സിറ്റീവ് സ്വഭാവം കണക്കിലെടുത്ത് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.’, ബാഗ്ചി പറഞ്ഞു.

‘അപ്പീല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. നല്ല ഫലം ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കേസിലെ അപ്പീല്‍ തീര്‍പ്പാക്കിയതായ ചില റിപ്പോര്‍ട്ടുകള്‍ വസ്തുതപരമായി തെറ്റാണ്.’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“വിധി രഹസ്യാത്മകമാണ്. നിയമ വകുപ്പുമായി വിധി പങ്കുവച്ചു. നിയമപരമായ എല്ലാ സാധ്യതകളും പരിഗണിച്ച് ഒരു അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട്. ഞങ്ങൾ ഖത്തർ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്.”- എംഇഎ വ്യക്തമാക്കി.

തടവിലുള്ള ഇന്ത്യക്കാരുടെ കുടുംബാം​ഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച ജയിലിൽ കഴിയുന്നവരുമായി സംസാരിക്കാൻ സാധിച്ചെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

2022 ഓഗസ്റ്റിൽ ഖത്തറിലെ ഒരു കമ്പനിയിൽ ജോലിചെയ്യുവേ ഇസ്രായേലിന്റെ ചാരന്മാരായി പ്രവർത്തിച്ചുവെന്നാരോപിച്ചാണ് എട്ട് മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥരെ ഖത്തർ കസ്റ്റഡിയിലെടുത്തത്. ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരെയാണ് ഖത്തർ ഇന്റലിജൻസ് ഏജൻസി അറസ്റ്റ് ചെയ്തത്. കേസിൽ നാവിക സേനാംഗങ്ങൾ പലതവണ ജാമ്യാപേക്ഷ നൽകിയെങ്കിലും ഖത്തർ അധികൃതർ അത് തള്ളി. 

അതേസമയം നേരത്തെ, ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ നാവിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യക്കാരുടെ മോചനത്തിന് സര്‍ക്കാര്‍ ഏറ്റവും വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് അദ്ദേഹം അറിയിച്ചു. കുടുംബങ്ങളുടെ ആശങ്കകളും വേദനകളും ഞങ്ങള്‍ മനസ്സിലാക്കുന്നു.അവരുടെ മോചനം ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ തുടരുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശകാര്യ മന്ത്രി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.