തൃശൂര്‍: തിരുവില്വാമലയിൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ആദിത്യശ്രീ പന്നിപ്പടക്കം പൊട്ടിയാണ് മരിച്ചതെന്ന് സൂചനയുണ്ട്. പൊട്ടിത്തെറി നടന്ന മുറിയിൽനിന്ന് പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. ഇത് സംബന്ധിച്ച ഫൊറൻസിക് പരിശോധന ഫലം പോലീസിന് ലഭിച്ചു. റിപ്പോർട്ടിന്മേൽ കുന്നംകുളം എസിപി സി ആർ സന്തോഷിന്‍റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

പറമ്പിൽനിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയം. ഇക്കഴിഞ്ഞ ഏപ്രിൽ 24നാണ് തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി ആദിത്യശ്രീ മരിച്ചത്. സംഭവം നടന്ന ദിവസം രാത്രി പത്തരയോടെ മൊബൈൽ ഫോണിൽ കളിക്കവേ പൊട്ടിത്തെറിക്കുകയായിരുന്നു.

തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്കൂളിൽ മൂന്നാംക്ലാസ് വിദ്യാർഥിനിയായിരുന്നു ആദിത്യശ്രീ. തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിന് സമീപം കുന്നത്തുവീട്ടിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്‍റെയും തിരുവില്വാമല സർവീസ് സഹകരണബാങ്ക് ഡയറക്ടർ സൗമ്യയുടെയും ഏകമകളാണ് മരണപ്പെട്ട ആദിത്യശ്രീ.