തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് നൽകി. ഇഡിയുടെ കൊച്ചി ഓഫീസിൽ നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഭാസുരാംഗനെ ഇഡി ചോദ്യംചെയ്യലിന് വിളിപ്പിക്കുന്നത്.

ബാങ്ക് തട്ടിപ്പിൻ്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നോ എന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ഭാസുരാംഗനോട് നാളെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ ഹാജരാക്കാനും നിർദേശം നൽകിയതായി വിവരമുണ്ട്. ഇന്നലെ ചോദ്യംചെയ്യലിന് എത്തുമ്പോൾ ചില രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ രേഖകൾ ഹാജരാക്കിയിരുന്നില്ല. ഇതേ തുടർന്നാണ് നാളെ ഭാസുരാംഗനോട് രേഖകളുമായി ചോദ്യംചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശം നൽകിയത്.

101 കോടി രൂപയുടെ തട്ടിപ്പ് കണ്ടല ബാങ്കിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ഭാസുരാംഗനെ ഇഡി നിരന്തരം ചോദ്യംചെയ്യുന്നത്. കഴിഞ്ഞ ദിവസം 10 മണിക്കൂറാണ് ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും കൊച്ചി ഇഡി ഓഫീസിൽ ചോദ്യംചെയ്തത്. ചോദ്യംചെയ്യലുകൾക്ക് ഭാസുരാംഗൻ സഹകരിക്കുന്നില്ലെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഭാസുരാംഗന്റെ മകൾ അഭിമയിയെയും അഞ്ച് മണിക്കൂറിലേറെ ചോദ്യംചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനനന്തപുരത്തെ ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും ഇഡി പരിശോധന നടത്തി രേഖകൾ കസ്റ്റഡിയിലെടുത്തിരുന്നു. ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തിന്റെ നിക്ഷേപം, ചുരുങ്ങിയ കാലയളവിലുണ്ടായ സാമ്പത്തിക സ്രോതസ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകളും കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. മാറനെല്ലൂരിലുള്ള വീടും കാറും ഇഡി നിരീക്ഷണത്തിലാണ്.

ബാങ്കിലും ജീവനക്കാരുടെയും ഭാസുരാംഗന്റെയും വീടുകളിലും നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളുൾപ്പെടെ ഇഡി പരിശോധിച്ചുവരികയാണ്. കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്, സിപിയു തുടങ്ങിയവയുടെ ശാസ്ത്രീയ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. 35 മണിക്കൂർ നീണ്ട റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. ഇവയിൽനിന്ന് പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഭാസുരാംഗനെ ചോദ്യംചെയ്തത്. ബാങ്കിൽ വൻ നിക്ഷേപം നടത്തിയവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇവരെയും വരും ദിവസങ്ങളിൽ ചോദ്യംചെയ്യുമെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞു.

റെയ്ഡിൽ ബാങ്കിന്റെ ലാഭനഷ്ടക്കണക്കുകളോ ബാക്കിപത്രമോ ലഭിച്ചിരുന്നില്ല. 101 കോടിയുടെ തട്ടിപ്പാണ് ബാങ്കിൽ കണ്ടെത്തിയത്. ഒരു പ്രമാണം വെച്ച് നിരവധി വായ്പ്പകൾ എടുത്തതിന്റെ തെളിവും ലഭിച്ചിരുന്നു. പല തവണയായി 3.20 കോടി രൂപ എട്ട് വർഷത്തിനിടെ ഭാസുരാംഗൻ വായ്പയെടുത്തു. ഇത് 14 സെന്റ് വസ്തുവിന്റെ ആധാരം ഉപയോഗിച്ചായിരുന്നു. എട്ട് തവണയായി ഒരു കോടി രൂപ ഭാസുരാംഗന്റെ മകന്റെ പേരിൽ ലോണായെടുക്കുകയും ചെയ്തെന്ന് കണ്ടെത്തി. പണമൊന്നും തിരികെ അടക്കാതെയായിരുന്നു ഇത്. ഭാസുരാംഗൻ ചോദ്യംചെയ്യലിനോട് സഹകരിച്ചില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.