ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ സ്വേച്ഛാധിപതിയെന്ന് വിളിച്ച യുഎസ് പ്രസിഡന്റ് ബൈഡന് മറുപടിയുമായി ചൈന. ബൈഡന്റെ പ്രസ്താവന തീര്‍ത്തും തെറ്റാണെന്നും രാഷ്ട്രീയ ഉദ്ദേശത്തോടെ വളരെ നിരുത്തരവാദപരമായാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു. പ്രസ്താവനയെ ചൈന ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം നേട്ടത്തിനായി ബന്ധങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ചിലര്‍ എപ്പോഴും ഉണ്ട്. ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം ഇത്തരത്തില്‍ തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ വിജയിക്കില്ല. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ ആരു ശ്രമിച്ചാലും അത് അദ്ദേഹത്തിന് തിരിച്ചറിയാനാകുമെന്ന് ഞാന്‍ കരുതുന്നുവെന്നും നിങ് പറഞ്ഞു. കഴിഞ്ഞ ദിവസം ബൈഡനും ഷീ ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകദേശം നാല് മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയെ വലിയ ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കിയത്. 

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ഷി ജിന്‍പിങ്ങിനെ ഇപ്പോഴും സ്വേച്ഛാധിപതിയായി കണക്കാക്കുന്നുണ്ടോ എന്ന് ബൈഡനോട് ചോദിച്ചത്.’തീര്‍ച്ചയായും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാണ് നയിക്കുന്നത്.ഈ സാഹചര്യത്തില്‍ അദ്ദേഹം ഒരു ഏകാധിപതിയാണ്.ചൈനീസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം നമ്മുടെ സര്‍ക്കാരില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്.’, ബൈഡന്‍ വിശദമാക്കി. ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും നിര്‍ണായകവും വിജയകരവുമായ ചര്‍ച്ചയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഏഷ്യാ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടി (അപെക് ഉച്ചകോടി)ക്കിടെയാണ് ബിഡനും ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.നേരത്തെ, 2022 നവംബറില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ ഇരു നേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതാദ്യമായല്ല ബൈഡന്‍ ഷി ജിന്‍പിങ്ങിനെ ഏകാധിപതിയെന്ന് വിളിക്കുന്നത്.ഈ വര്‍ഷമാദ്യവും ജിന്‍പിങ്ങിനെ ഏകാധിപതിയെന്ന് അദ്ദേഹം വിളിച്ചിരുന്നു. അമേരിക്കയുടെ ആകാശത്ത് ചൈനയുടെ ചാര ബലൂണ്‍ കണ്ടതിന് പിന്നാലെയായിരുന്നു ഇത്.