ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പ്രദേശത്ത് രണ്ട് ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്. സംനൂ നെഹാമ മേഖലയിലാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നത്. അതേസമയം കുല്‍ഗാമിലെ ദംഹല്‍ ഹന്‍ജി പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. നിയന്ത്രണ രേഖയില്‍ (എല്‍ഒസി) നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെയാണ് സംഭവം. ഭീകരരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. 

നിയന്ത്രണരേഖയ്ക്ക് സമീപം ചില സംശയാസ്പദ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. പിന്നാലെ നുഴഞ്ഞുകയറ്റ ശ്രമമാണെന്ന് സൈന്യത്തിന് മനസിലായി. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വെടിവയ്പുണ്ടായി. അടുത്തിടെയായി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമങ്ങള്‍ തുടരുകയാണെന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. 

നവംബർ ഒമ്പതിന് കശ്മീരിലെ ഷോപിയാനിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. പുലർച്ചെ കതോഹലൻ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. മൈസർ അഹമ്മദ് ദർ എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് വൃത്തങ്ങൾ അറിയിച്ചു. മൈസർ അഹമ്മദിന് ഭീകര സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടുമായി ബന്ധമുണ്ടെന്നും സുരക്ഷാ സേന അറിയിച്ചു. 

മറ്റൊരു സംഭവത്തിൽ, രാംഗഡ് സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിലുണ്ടായ വെടിവയ്പ്പിൽ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ജവാന് പരിക്കേറ്റു. ചൊവ്വാഴ്‌ച, ജമ്മു കശ്മീർ  താഴ്‌വരയിൽ ഭീകരർ നടത്തിയ ആക്രമണങ്ങളിൽ ഒരു പോലീസുകാരനും ഒരു പ്രാദേശിക തൊഴിലാളിയും കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഒക്‌ടോബർ 30 മുതൽ മൂന്ന് ദിവസങ്ങളിലായി തുടർച്ചയായി നടന്ന ഭീകരാക്രമണങ്ങളെ കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് 10 ലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്നാണ് പൊതു അറിയിപ്പിൽ പറയുന്നത്. ഒക്ടോബർ 29ന് ശ്രീനഗറിലെ ഈദ്ഗാഹ് മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന പോലീസ് ഇൻസ്‌പെക്ടർ മസ്‌റൂർ അലി വാനിക്ക് നേരെ ഭീകരൻ വെടിവച്ചതിനെ തുടർന്ന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. 

അടുത്ത ദിവസം, പുൽവാമയിലെ ട്രംചി നൗപോറ മേഖലയിൽ മുകേഷ് കുമാർ എന്ന തൊഴിലാളി  ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഒരു ദിവസത്തിന് ശേഷം, ബാരാമുള്ളയിലെ വൈലൂ ക്രാൽപോറ ഏരിയയിലെ വസതിക്ക് പുറത്ത് ഭീകരരുടെ വെടിയേറ്റ് കോൺസ്റ്റബിൾ ഗുലാം മുഹമ്മദ് വെടിയേറ്റ് മരിച്ചിരുന്നു. 

ഒക്ടോബര്‍ 26 ന് കുപ്വാര ജില്ലയിലെ മച്ചില്‍ സെക്ടറിലെ നിയന്ത്രണരേഖയില്‍ അഞ്ച് തീവ്രവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ഒക്ടോബര്‍ 22 ന് ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറില്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. മച്ചില്‍ സെക്ടറില്‍ നാലും കേരന്‍ സെക്ടറിലെ ജുമാഗുണ്ട് മേഖലയില്‍ അഞ്ചും ഉള്‍പ്പെടെ 11 നുഴഞ്ഞുകയറ്റക്കാരെ ജൂണില്‍ വെടിവച്ചു കൊന്നിരുന്നു.