മലയാളത്തിന്റെ പ്രിയ താരങ്ങളാണ് മമ്മൂട്ടിയും മുരളിയും. ഇരുവരും ഒന്നിച്ച് മത്സരിച്ചഭിനയിച്ച ചിത്രങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. എന്നാൽ സിനിമയ്ക്കുള്ളിലെ സൗഹൃദം വ്യക്തി ജീവിതത്തിലും കൊണ്ട് നടക്കാന്‍ ഇരുവർക്കും സാധിക്കാതെ പോയി എന്ന് മമ്മൂട്ടി പലയിടത്തും പറഞ്ഞിട്ടുണ്ട്. മുരളി തനിക്കേറ്റവും പ്രിയപ്പെട്ടവനായിരുന്നുവെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ ശബ്ദമിടറി കണ്ണുകലങ്ങി മമ്മൂട്ടി പറയുന്ന ഒരു വീഡിയോ ആണ് മമ്മൂട്ടി ഫാൻസിന്റെ പേജുകളിൽ വീണ്ടും വൈറലാകുന്നത്. 

“ചിലര്‍ അങ്ങനെയുണ്ട്. എന്തിനാണ് ഇവരൊക്കെ ഇങ്ങനെ ചെയ്യുന്നത് എന്ന് ഞാൻ ആലോചിക്കാറുണ്ട്, മുരളിയും അതുപോലെയായിരുന്നു. ഞാന്‍ ആര്‍ക്കും മദ്യസേവ നടത്താത്ത ആളാണ്. ഞാനും മദ്യപിക്കില്ല. എന്റെ ജീവിതത്തിൽ ആരെങ്കിലും മദ്യപിച്ച ബില്ല് ഞാന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിന്റെ ആയിരിക്കും. ഞാനും മുരളിയും അഭിനയിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിച്ചാലറിയാം, ഒരു ഇമോഷണല്‍ ലോക്കുണ്ടായിരുന്നു ഞങ്ങള്‍ തമ്മില്‍. സിനിമയിൽ ഞങ്ങള്‍ സുഹൃത്തുക്കളായിട്ട് ആണെകിലും ശത്രുക്കളായിട്ട് ആണെങ്കിലും അവിടെയൊരു ഇമോഷണല്‍ ലോക്കുണ്ട്. അങ്ങിനെയുള്ള മുരളിയ്ക്ക് ഒരു സുപ്രഭാതത്തിൽ ഞാൻ ശത്രു ആയി മാറി. ഞാൻ എന്ത് ചെയ്തിട്ടാണ്, ഒന്നും ചെയ്തില്ല. എനിക്ക് ആദ്യമായി നാഷണൽ അവാർഡ് കിട്ടിയപ്പോൾ ടീവിക്കാർ മുരളിയുടെ അടുത്ത് മൈക്കുമായി പോയിരുന്നു. അന്ന് മുരളി പറഞ്ഞത് മലയാള സിനിമയിലെ ഗ്രേറ്റ് ആക്ടർ ആണെന്ന് ആയിരുന്നു. ആ മുരളി എന്തിനാണ് എന്നോട് പിണങ്ങി പോയത്. പിണങ്ങാനും മാത്രം ഞാനെന്തെങ്കിലും ചെയ്തെന്ന് പുള്ളിക്കും അഭിപ്രായമുണ്ടാവില്ല. പെട്ടെന്നാണ് അദ്ദേഹം അകന്ന് പോയത്” – മമ്മൂട്ടി പറയുന്നു.

വളരെ ഇമോഷണൽ ആയി തൊണ്ടയിടറി ആണ് മമ്മൂട്ടി ഇത്രയും സംസാരിക്കുന്നത്. മുരളിയെ കുറിച്ചും ഈ സൗഹൃദത്തെ കുറിച്ചും മുൻപും പല അഭിമുഖങ്ങളിലും മമ്മൂട്ടി തുറന്നു സംസാരിച്ചിട്ടുണ്ട്.