ഇസ്രയേലും പലസ്തീനും തമ്മിലുള്ള യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഗാസ അതിർത്തിയിൽ ഏകദേശം പത്തുലക്ഷത്തോളം കുട്ടികൾ അരക്ഷിതരാണെന്നും, സുരക്ഷിതമായ ഇടങ്ങൾ സംലഭ്യമല്ലെന്നും കുട്ടികൾക്ക് വേണ്ടിയുള്ള യൂണിസെഫ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

റിപ്പോർട്ടുകൾ പ്രകാരം  ഗാസയിൽ മാത്രം ഏകദേശം 4600 കുട്ടികൾ കൊല്ലപ്പെടുകയും 9000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആവർത്തിച്ചുള്ള ഷെല്ലാക്രമണവും ആളപായവും പലായനവും സുരക്ഷിതമായ ഇടങ്ങൾ കുട്ടികൾക്കായി കണ്ടെത്തുവാനുള്ള പരിശ്രമങ്ങളെ പരാജയപ്പെടുത്തുന്നതായും യുനിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പറഞ്ഞു.

ആശുപത്രിയിലെ നവജാത ശിശുക്കൾക്കുള്ള വാർഡിൽ, ഇന്ധനമില്ലാത്ത അവസ്ഥ ഇങ്കുബേറ്ററുകളുടെ പ്രവർത്തനം പൂർണ്ണമായി തടസ്സപ്പെടുത്തുന്നു.മാനുഷിക  അവശ്യസാമഗ്രികളുടെ കയറ്റുമതിക്കായി ഗാസയുടെ അതിർത്തി ഇടയ്ക്കിടയ്ക്ക് മാത്രം തുറക്കുന്നത്  വളരെ ഉയർന്ന തലത്തിൽ എത്തുന്ന ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലെന്നതും ആശങ്കയുണർത്തുന്നു.