ന്യൂയോർക്ക്: പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക്  ലൈഫ് ടൈം ഡിസ്റ്റർബിംഗ് ദ പീസ് അവാർഡ്. മാൻഹട്ടന്റെ അപ്പർ ഈസ്റ്റ് സൈഡിലുള്ള വക്ലാവ് ഹാവൽ സെന്റർ ആണ് അവാർഡ് സമ്മാനിച്ചത്. 

അവാർഡ് നല്കുന്നതോ, ചടങ്ങിലെ റുഷ്ദിയുടെ സാന്നിധ്യവും രഹസ്യമായിരുന്നു. ചുരുക്കം ചിലർക്ക് മാത്രമേ റുഷ്ദിയുടെ സാന്നിധ്യത്തെക്കുറിച്ച്  മുൻകൂട്ടി അറിയിപ്പ് ലഭിച്ചിരുന്നുള്ളൂ.

2022 ഓഗസ്റ്റിൽ വെസ്റ്റേൺ ന്യൂയോർക്കിൽ നടന്ന ഒരു സാഹിത്യോത്സവത്തിനിടെയാണ്  സല്‍മാന്‍ റുഷ്ദിയ്ക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ അദ്ദേഹത്തിന്റെ വലത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ഇടതുകൈയ്ക്ക് ചലനശേഷി നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഈ പ്രതിസന്ധികളെ തരണം ചെയ്താണ് അദ്ദേഹം അവാർഡ് വാങ്ങാൻ എത്തിയത്.

1980 കളുടെ അവസാനത്തിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പതനത്തിനുശേഷം ചെക്കോസ്ലോവാക്യയുടെ അവസാന പ്രസിഡന്റായി മാറിയ ചെക്ക് നാടകകൃത്തും വിമതനുമായതിന്റെ പേരിലാണ് 2012-ൽ വക്ലാവ് ഹാവൽ ലൈബ്രറി ഫൗണ്ടേഷൻ എന്ന പേരിൽ സ്ഥാപിതമായ ഹാവൽ സെന്റർ. 

അടുത്തിടെ  സൽമാൻ റുഷ്ദിയുടെ ഏറ്റവും പുതിയ നോവലായ ‘വിക്ടറി സിറ്റി’ പ്രകാശനം ചെയ്തിരുന്നു. 1988ല്‍ പ്രസിദ്ധീകരിച്ച ദി സാത്താനിക് വേഴ്സസ് എന്ന നോവലിന്റെ പ്രസിദ്ധീകരണത്തോടെയാണ് റഷ്ദിയുടെ ജീവിതം മാറിമറിഞ്ഞത്. ഈ നോവലില്‍ മതനിന്ദ ആരോപിച്ച് ഇറാനിയന്‍ മതനേതാവ് അയത്തുള്ള അലി ഖൊമേനി റുഷ്ദിയെ വധിക്കാന്‍ ഫത്വാ പുറപ്പെടുവിച്ചിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹം ബ്രിട്ടനില്‍ ഒളിവില്‍ കഴിയുകയായിരുന്നു.