ടെല്‍അവീവ്: ഹമാസ് ബന്ദികളാക്കിയ പിഞ്ചു കുഞ്ഞുങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന് കത്തെഴുതി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹു. നെതന്യാഹുവിന്റെ ഭാര്യ എന്ന നിലയില്‍ മാത്രമല്ല, ഒരു അമ്മ എന്ന നിലയിലാണ് താന്‍ ഈ കത്തെഴുതുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് സാറ നെതന്യാഹു തന്റെ അപേക്ഷ ആരംഭിച്ചിരിക്കുന്നത്. 

32 ഓളം കുട്ടികളെ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയിട്ട് ഇപ്പോള്‍ ഒരു മാസത്തിലേറെയായി. അവരെ അവരുടെ മാതാപിതാക്കളില്‍ നിന്നും അവരുടെ വീടുകളില്‍ നിന്നും വേര്‍പെടുത്തിയിരിക്കുകയാണെന്നും സാറ നെതന്യാഹു പറഞ്ഞു. ഈ കുട്ടികള്‍ തീര്‍ച്ചയായും പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങളില്‍ കഷ്ടപ്പെടുന്നു, തട്ടിക്കൊണ്ടുപോകലിന് മാത്രമല്ല അവര്‍ ഇരകളായത്. ഭയാനകമായ ആ ഒക്ടോബര്‍ 7 ന് അവരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും കണ്‍മുന്നില്‍ ക്രൂരമായി കൊലപ്പെടുത്തിയതിനും ഈ പിഞ്ചുകുഞ്ഞുങ്ങള്‍ സാക്ഷികളാണ്.’

ഹമാസ് ബന്ദികളാക്കിയ ഒരാള്‍ ഗര്‍ഭിണിയായിരുന്നുവെന്നും ഭീകരസംഘടനയുടെ സാന്നിധ്യത്തില്‍ കുഞ്ഞിന് ജന്മം നല്‍കിയെന്നും സാറ നെതന്യാഹു പറഞ്ഞു.

ഈ കൊലപാതകികള്‍ തന്റെ നവജാതശിശുവിനൊപ്പം തന്നെ പിടികൂടുമ്പോള്‍ ആ അമ്മയുടെ മനസ്സിലൂടെ എന്താണ് കടന്നുപോകുന്നതെന്ന് ഞാന്‍ ചിന്തിക്കുന്നതുപോലെ നിങ്ങള്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ബന്ദികളാക്കിയവരില്‍ ഒരാള്‍ 10 മാസം മാത്രം പ്രായമുള്ള കുഞ്ഞായിരുന്നുവെന്നും ‘നടക്കാനും സംസാരിക്കാനും പഠിക്കുന്നതിനുമുമ്പ് തട്ടിക്കൊണ്ടുപോകലിന് ഇരയായെന്നും സാറ നെതന്യാഹു വിവരിച്ചു.

ഈ കുട്ടികള്‍ക്ക് വേണ്ടി നമ്മള്‍ സംസാരിക്കണം, അവരെയും തടവിലാക്കിയിരിക്കുന്ന മറ്റെല്ലാവരെയും ഉടന്‍ മോചിപ്പിക്കാന്‍ ആവശ്യപ്പെടണം. റെഡ് ക്രോസ് അവരെ ഉടന്‍ സന്ദര്‍ശിക്കണമെന്ന് നമ്മള്‍ ആവശ്യപ്പെടണം. അവര്‍ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ഒരു മാസം മുമ്പ് തുടങ്ങിയ ഈ പേടിസ്വപ്നം അവസാനിക്കണം. ഈ കുട്ടികള്‍ക്ക് ഞങ്ങളുടെ സഹായം വേണമെന്നും പറഞ്ഞുകൊണ്ടാണ് നെതന്യാഹു തന്റെ സന്ദേശം അവസാനിപ്പിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഭാര്യയ്ക്കും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യയ്ക്കും മറ്റ് നേതാക്കളുടെ ഭാര്യമാര്‍ക്കും അവര്‍ സമാന ആവശ്യം അറിയിച്ച് കത്തുകള്‍ അയച്ചിട്ടുണ്ട്.