ന്യൂയോര്‍ക്ക്: വിമാനയാത്രക്കിടെ ക്രൂ അംഗങ്ങളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യാത്രക്കാരിക്ക് ലഭിച്ചത് എട്ടിന്റെ പണി. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13നാണ് സംഭവം നടന്നത്. 

ഫ്‌ലൈറ്റ് ക്രൂ അംഗത്തിന്റെ ജോലി തടസ്സപ്പെടുത്തുന്ന തരത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്ന കുറ്റസമ്മതത്തെ തുടര്‍ന്ന് യാത്രക്കാരിക്ക് അരിസോണയിലെ ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതി വന്‍ തുക പിഴ ചുമത്തി. കാരിയറിന് 38,952 ഡോളര്‍ നല്‍കണമെന്നാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാരിയോട് കോടതി ഉത്തരവിട്ടത്.

2022 ഫെബ്രുവരി 13 ന് ഫീനിക്‌സില്‍ നിന്ന് ഹവായിലേക്കുള്ള യാത്രയ്ക്കിടെ കെയ്ല ഫാരിസ് എന്ന യാത്രക്കാരി ഫ്‌ലൈറ്റ് ക്രൂ അംഗങ്ങളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അരിസോണയിലെ യുഎസ് അറ്റോര്‍ണി ഓഫീസില്‍ നിന്നുള്ള ഒരു പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

യാത്രക്കാരിയുടെ പെരുമാറ്റം ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരെ അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടഞ്ഞുവെന്നും തുടര്‍ന്ന് ക്യാപ്റ്റന്‍ ഫീനിക്‌സിലേക്ക് മടങ്ങാന്‍ തീരുമാനിച്ചുവെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. പിഴയ്ക്ക് പുറമേ, ഫാരിസിന് 3.6 മാസം തടവും വിധിച്ചിട്ടുണ്ട്. റിലീസ് കാലയളവില്‍, മുന്‍കൂര്‍ അനുമതിയില്ലാതെ അവര്‍ക്ക് വാണിജ്യ വിമാനത്തില്‍ പറക്കാനും കഴിയില്ല.

സമീപ വര്‍ഷങ്ങളില്‍ ഇത്തരം ആകാശയാത്രാ സംഭവങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. 2021-ല്‍ ഏകദേശം 6,000 യാത്രക്കാര്‍ക്കെതിരെ ഇത്തരം അനിയന്ത്രിതമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2019-ല്‍ ഈ എണ്ണം 1,100 ആയിരുന്നു. കേസുകളുടെ എണ്ണം സമീപ വര്‍ഷങ്ങളില്‍ കുറഞ്ഞിരുന്നു. 2023-ല്‍ ഇതുവരെ 1,820 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെ്ന്നാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഡാറ്റ കാണിക്കുന്നത്.