ന്യൂയോര്‍ക്ക്: ഗാസയ്ക്കുള്ളിലെ പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള യുഎന്‍ രക്ഷാസമിതി പ്രമേയത്തിന് അമേരിക്ക അനുമതി നല്‍കി. പ്രമേയത്തില്‍ ഹമാസിനെ അപലപിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഗാസയ്ക്കുള്ളിലെ പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.

ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം ബുധനാഴ്ച സുരക്ഷാ കൗണ്‍സില്‍  പാസാക്കി. ഒക്ടോബര്‍ ഏഴിന് നടന്ന ഭീകരാക്രമണത്തിനിടെ ഹമാസ് ബന്ദികളാക്കിയവരെ നിരുപാധികമായി മോചിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. കൗണ്‍സിലിലെ 12 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു, വീറ്റോ അധികാരമുള്ള യുഎസും റഷ്യയും ബ്രിട്ടനും ബുധനാഴ്ച വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഹമാസിന്റെ നടപടികളെ അപലപിക്കുന്ന കാര്യം പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൗണ്‍സിലില്‍ വിജയിക്കുന്നതിന് മുമ്പ് നാല് തവണ പ്രമേയം പാസാക്കാന്‍ ശ്രമിച്ചിരുന്നു.

ഹമാസിനെ അപലപിക്കാത്ത അല്ലെങ്കില്‍ തങ്ങളുടെ പൗരന്മാരെ തീവ്രവാദി ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാനുള്ള എല്ലാ അംഗരാജ്യങ്ങളുടെയും അവകാശം പുനഃസ്ഥാപിക്കാത്ത ഒരു വാചകത്തില്‍ യു.എസിന് വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് അംബാസഡര്‍ ലിന്‍ഡ തോമസ്-ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു.

ഹമാസിനെ അപലപിക്കുന്ന വാചകം ഇല്ലാത്തതില്‍ അമേരിക്ക കടുത്ത നിരാശയിലാണെങ്കിലും, ഈ കൗണ്‍സില്‍ അംഗീകരിച്ച പല പ്രധാന വ്യവസ്ഥകളെയും ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഹമാസ് എന്ന വാക്ക് പോലും പരാമര്‍ശിക്കുന്ന ഒരു പ്രമേയം ഞങ്ങള്‍ അംഗീകരിക്കുന്നത് ഇതാദ്യമാണ്. തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു.

ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കി ഗസ്സയിലെ അല്‍-ഷിഫ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യം റെയ്ഡ് നടത്തിയിരുന്നു. അല്‍ഷിഫ ആശുപത്രി പിടിച്ചടക്കിയ ഇസ്രയേല്‍ സൈന്യം ആശുപത്രിക്കകത്ത് നിന്നും ഹമാസിന്റെ വന്‍ ആയുധ ശേഖരവും, വാര്‍ത്താ വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തതായി അറിയിച്ചു.

ആശുപത്രിക്ക് അകത്ത് പ്രവേശിച്ച ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് രോഗികളെയും ആശുപത്രി ജീവക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. യുദ്ധ ടാങ്കുകള്‍ ആശുപത്രി വളപ്പില്‍ പ്രവേശിച്ചിട്ടുണ്ട്. അല്‍-ഷിഫ ആശുപത്രി കേന്ദ്രീകരിച്ചാണ് ഹമാസിന്റെ പ്രവര്‍ത്തനമെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ നീക്കം. ഗാസയിലെ അല്‍-ഷിഫ അടക്കമുള്ള ആശുപത്രികളെ കമാന്‍ഡ് കേന്ദ്രങ്ങളായി ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം ഹമാസ് നിഷേധിച്ചിരുന്നു.