വിർജീനിയയിൽ നിയമവിരുദ്ധമായി വാങ്ങിയ തോക്കുകൊണ്ട് ആറുവയസ്സുള്ള മകൻ സ്‌കൂൾ അധ്യാപികയെ വെടിവെച്ച സംഭവത്തിൽ അമ്മയെ 21 മാസം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ ജനുവരിയിൽ ന്യൂപോർട്ട് ന്യൂസിലെ റിച്ച്‌നെക്ക് എലിമെന്ററി സ്കൂളിൽ ആണ് സംഭവം ഉണ്ടായത്.

സംഭവത്തിൽ പരുക്കേറ്റ ഒന്നാം ഗ്രേഡ് അധ്യാപികയായ അബിഗെയ്ൽ സ്വെർണർ മരണത്തിൽ നിന്നും രക്ഷപെട്ടു.  9 എംഎം സെമിഓട്ടോമാറ്റിക് പിസ്റ്റൾ ഉപയോഗിച്ചാണ് കുട്ടി അധ്യാപികയ്ക്ക് നേരെ വെടി ഉതിർത്തത്.

അതേസമയം തോക്ക് അക്രമത്തിൽ പതിവായി ഭീഷണിയും പ്രശ്നങ്ങളും നേരിടുന്ന രാജ്യത്ത് കുട്ടിയുടെ പ്രായവും പശ്ചാത്തലവും കണക്കിലെടുത്ത് നടന്ന കേസ് പ്രത്യേകിച്ച് ഏറെ ശ്രദ്ധേയമായിരുന്നു. കുട്ടിക്ക് കൈത്തോക്ക് എങ്ങനെ ലഭിച്ചു എന്നതിലേക്ക് അന്വേഷണം അതിവേഗം ആണ് മാറിയത്.

തുടർന്നാണ് അവന്റെ അമ്മ ഡെജാ നിക്കോൾ ടെയ്‌ലർ (26) ന് എതിരെ ഫെഡറൽ കുറ്റം ചുമത്തിയത്. ജൂണിൽ തോക്ക് കൈവശം വച്ചതിനും തോക്ക് വാങ്ങുന്നതിനിടെ തെറ്റായ മൊഴി നൽകിയതിനും അവൾ കുറ്റസമ്മതം നടത്തി. വിർജീനിയ സ്‌റ്റേറ്റ് കോടതിയിലും അവർ കുറ്റസമ്മതം നടത്തി. ഡിസംബർ 15ന്  കേസിൽ അവർ ശിക്ഷിക്കപ്പെടും.

അതേസമയം പ്രതിഭാഗം അഭിഭാഷകർ ടെയ്‌ലറിന് ശിക്ഷാനടപടിയും പരമാവധി ആറ് മാസം തടവും ആവശ്യപ്പെട്ടിരുന്നു.