കോഴിക്കോട്: സ്റ്റാഫ് മീറ്റിങ്ങിൽ കയറി അക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. അധ്യാപകനായ എം.പി ഷാജിയാണ് അറസ്റ്റിലായത്. സ്റ്റാഫ് കൗൺസിൽ യോഗത്തിലേക്ക് അതിക്രമിച്ച് കയറി അധ്യാപകരെ മർദിച്ചെന്നാണ് കേസ്. എരവന്നൂർ സ്കൂളിലെ പ്രധാന അധ്യാപകനടക്കം നൽകിയ പരാതിയിലാണ് കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

എം.പി ഷാജിയുടെ ഭാര്യ സുപ്രീന ജോലി ചെയ്യുന്ന നരിക്കുനി എരവന്നൂർ എ.യു.പി സ്കൂളിലെ സ്റ്റാഫ് മീറ്റിങ്ങിനിടെയാണ് തല്ലുണ്ടായത്. സ്കൂളിലെ രണ്ട് വിദ്യാർഥികളെ അധ്യാപകർ തല്ലിയ പരാതി അധ്യാപകർ ഇടപെട്ട് ഒത്തുതീർത്തിരുന്നു. എന്നാൽ സുപ്രീന വിവരം പൊലീസിന് കൈമാറിയിരുന്നു. ഇത് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തല്ല് നടന്നത്.

സംഘർഷത്തിൽ ഏഴു പേർക്ക് പരിക്കേറ്റിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബി.ജെ.പി അനുകൂല അധ്യാപക സംഘടന എൻ.ടി.യുവിന്റെ നേതാവായ എം.പി ഷാജി സമീപത്തെ പോലൂർ എൽ.പി സ്കൂളിലെ അധ്യാപകനാണ്.

കൊടുവളളി എ.ഇ.ഒ വകുപ്പുതല അന്വേഷണവും നടത്തുന്നുണ്ട്. സുപ്രീന സഹപ്രവർത്തകർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

അതേസമയം, സുപ്രീനയെയും എം.പി ഷാജിയെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കൊടുവള്ളി എ.ഇ.ഒയുടെ ശിപാർശയിലാണ് സുപ്രീനയെ സസ്പെൻഡ് ചെയ്തത്. എം.പി ഷാജിയെ കുന്നമംഗലം എ.ഇ.ഒ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു.