ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഒന്നാം പ്രതിയും സികെ ജാനുവിനെ രണ്ടാംപ്രതിയുമാക്കിയാണ് കുറ്റപത്രം. ബിജെപി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് കുമാര്‍ മലവയലാണ് മൂന്നാം പ്രതി. 83 സാക്ഷികളാണ് കേസിലുള്ളത്. 62 രേഖകള്‍ കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 

സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സി കെ ജാനുവിന് 50 ലക്ഷം രൂപ നല്‍കിയെന്ന പരാതിയിലാണ് അന്വേഷണം നടത്തിയത്. 2021 മാര്‍ച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് 10 ലക്ഷം രൂപയും സുല്‍ത്താന്‍ബത്തേരിയില്‍ വെച്ച് 40 ലക്ഷം രൂപയും നല്‍കിയെന്നുമായിരുന്നു പരാതി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആണ് പരാതി നല്‍കിയത്. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് രണ്ടുവര്‍ഷവും നാലുമാസവും കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ രണ്ടുമാസത്തിനുള്ളില്‍ തുടങ്ങുമെന്നാണ് വിവരം.

അതേസമയം മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കഴിഞ്ഞ ദിവസമാണ് കെ സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്‌മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

2021 ജൂണിലാണ് ബിജെപി നേതാക്കള്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. കെ സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറല്‍ സുനില്‍ നായിക്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്‌ണ ഷെട്ടി, ബിജെപി നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് പ്രതികള്‍. 

പട്ടികജാതി / പട്ടിക വര്‍ഗ അതിക്രമം തടയല്‍ വകുപ്പ് ഉള്‍പ്പടെ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. ജനപ്രാതിനിധ്യ നിയമത്തിലെ 171 ബി, ഇ വകുപ്പുകള്‍ക്ക് പുറമേ അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.