ഗവേഷണങ്ങളിലൂടെയും പഠനപ്രവർത്തനങ്ങളിലൂടെയും ഉത്പ്പാദിപ്പിക്കുന്ന അറിവുകൾ സമൂഹത്തിന്റെ നന്മയ്ക്ക് ഉതകുന്ന വിധത്തിലാവണമെന്ന് പ്രശസ്തകവി കുരീപ്പുഴ ശ്രീകുമാർ. അത്തരത്തിൽ ആളുകൾക്ക് വിദ്യാഭ്യാസം നൽകി ജനകീയ പ്രതിരോധം തീർത്ത ശാസ്ത്രജ്ഞനും സമരപോരാളിയുമായിരുന്നു ഡോ. കമറുദീനെന്നും അദ്ദേഹം പറഞ്ഞു. 

“മെഡിക്കൽ മാലിന്യ പ്ലാന്റും ,മാലിന്യസംസ്കരണ പ്ലാന്റും ജൈവ വൈവിദ്ധ്യ പ്രദേശത്ത് സ്ഥാപിക്കുന്നതിനെതിരെയുള്ള നിലപാടുകൾ മാത്രമല്ല കമറുദീനിലെ പരിസ്ഥിതി സ്നേഹിയെ ആശങ്കപ്പെടുത്തിയത്. തനത് ആവാസ വ്യവസ്ഥകളെ തകിടം മറിക്കുന്ന അന്യദേശ വൃക്ഷങ്ങൾക്കെതിരെ തദ്ദേശീയ വൃക്ഷ വിത്തെറിയൽ സമരം നയിച്ചും സമൂഹത്തെ ബോധവൽക്കരിച്ചു. വനാവാസ വ്യവസ്ഥ നശിക്കുകയും മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം വർദ്ധിക്കുകയും ചെയ്യുന്ന ഇക്കാലത്ത് കമറുദീന്റെ പാരിസ്ഥിതികവീക്ഷണം പ്രസക്തി ഏറുകയാണ്”- കുരിപ്പുഴ പറഞ്ഞു. 

ഇക്ബാൽ കോളേജ് ട്രസ്റ്റും, ഡോ. കമറുദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേർസിറ്റി കൺസർവേഷനും സംയുക്തമായി  സംഘടിപ്പിച്ച നാലാമത് കമറുദീൻ അനുസ്മര പ്രഭാഷണം നടത്തവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യോഗത്തിന്റെ ഉദ്ഘാടനവും അക്കാദമിക രംഗത്തെ മികവിന് കമറുദീൻ ഫൗണ്ടേഷന്റെ ആദര സമർപ്പണവും ഡി കെ മുരളി എംഎൽഎ നിർവ്വഹിച്ചു.

ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ അഡ്വ. ഡോ. എം അബ്ദുൽ സമദ്ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ ഡോ. ബി ബാലചന്ദ്രൻ, ഡോ. കെ ഐ റസീന, ഡോ. ജി മധുസൂദനൻവയല, ഡോ. എം അബ്ദുൽ ജബ്ബാർ, സാലി പാലോട്, സലിം പള്ളിവിള, നിസാർ മുഹമ്മദ് സുൽഫി, സപ്തപുരം അപ്പുക്കുട്ടൻ, ആദർശ് പ്രതാപ്, ഡോ. ഷംനാദ്  എന്നിവർ സംസാരിച്ചു. കാലാവസ്ഥാ വ്യതിയാനകാലത്തെ ജൈവ വൈവിദ്ധ്യ സംരക്ഷണം എന്നവിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു.