പ്രത്യേക ഭരണകൂടത്തിന് തയ്യാറെന്ന് മണിപ്പൂരിലെ കുക്കി-സോ മുൻനിര ഗോത്ര സംഘടനയായ ഇൻഡിജീനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്). ഗോത്രങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രത്യേക ഭരണം സൃഷ്ടിക്കാൻ തയ്യാറാണെന്നാണ് ഐടിഎൽഎഫ് അറിയിച്ചത്. ആറ് മാസത്തിലേറെയായിട്ടും പ്രത്യേക ഭരണം വേണമെന്ന ഞങ്ങളുടെ ആവശ്യവുമായി ബന്ധപ്പെട്ട് മണിപ്പൂർ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും സംഘടന ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഐടിഎൽഎഫ് കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി. 

“രണ്ടാഴ്ചയ്ക്കുള്ളിൽ ഞങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ സ്വയം ഭരണം സ്ഥാപിക്കും. കേന്ദ്രം അംഗീകരിച്ചാലും ഇല്ലെങ്കിലും ഞങ്ങൾ മുന്നോട്ട് പോകും” ഐടിഎൽഎഫ് പറഞ്ഞു. “ഒരു സംസ്ഥാനത്തിലോ കേന്ദ്രഭരണ പ്രദേശത്തിലോ ഉള്ളതുപോലെ, കുക്കി-സോ പ്രദേശങ്ങളിലെ എല്ലാ കാര്യങ്ങളും പരിശോധിക്കുന്ന ഒരു സ്വയംഭരണം ഞങ്ങൾ സ്ഥാപിക്കും. ഞങ്ങളുടെ ശബ്ദം കേൾക്കാത്തതിനാലാണ് ‌ഇത് ചെയ്യേണ്ടിവരുന്നത്, ”-ഐടിഎൽഎഫിന്റെ ജനറൽ സെക്രട്ടറി മുവാൻ ടോംബിംഗ് പറഞ്ഞു.

അതിനിടെ, ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) കഴിഞ്ഞ ദിവസം ബഹുജന റാലി സംഘടിപ്പിച്ചു. കുക്കി-സോ ആദിവാസികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയാണ് റാലി സംഘടിപ്പിച്ചത്. ജില്ലയുടെ എല്ലാ കോണുകളിൽ നിന്നും പതിനായിരക്കണക്കിന് പ്രതിഷേധക്കാർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് സമീപമുള്ള തുയ്ബുവോംഗ് സമാധാന മൈതാനത്തേക്ക് മാർച്ച് നടത്തി. സംസ്ഥാന സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ഗോത്രവർഗക്കാർക്കെതിരെ മെയ്തേയ് സമുദായം നടത്തുന്ന അതിക്രമങ്ങൾ അന്വേഷിക്കാൻ അന്വേഷണ ഏജൻസികളെ ആവശ്യപ്പെടുകയും ചെയ്തായിരുന്നു പ്രതിഷേധം. 

നിരപരാധികളായ കുക്കി-സോ സിവിലിയന്മാരെ ജനക്കൂട്ടം കൊലപ്പെടുത്തുന്ന നിഷ്ഠൂരമായ രീതികളിൽ പ്രതിഷേധിച്ചാണ് റാലി സംഘടിപ്പിച്ചത്.