ഏകദിനത്തിലെ സെഞ്ച്വറി നേട്ടത്തില്‍ ചരിത്ര നേട്ടം കുറിച്ച വിരാട് കോലിയെ അഭിനന്ദിച്ച് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കോലിയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയിലെ അനുഭവം പങ്കുവെച്ചായിരുന്നു സച്ചിന്റെ പ്രശംസ. സഹതാരങ്ങളുടെ തമാശയ്ക്കിരയായി അന്ന് തന്റെ കാലില്‍ വണങ്ങിയ കോലി പിന്നീട് അഭിനിവേശവും കഴിവുകളും കൊണ്ട് ഹൃദയത്തിലാണ് സ്പര്‍ശിച്ചതെന്ന് സച്ചിന്‍ കുറിച്ചു. ഒരു ഇന്ത്യക്കാരന്‍ എന്റെ റെക്കോര്‍ഡ് തകര്‍ത്തതില്‍ കൂടുതല്‍ സന്തോഷമുള്ള കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സച്ചിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

‘ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ വെച്ച് ഞാന്‍ നിങ്ങളെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍, മറ്റ് സഹതാരങ്ങളുടെ തമാശ നിങ്ങളെ എന്റെ കാലില്‍ തൊടാന്‍ പ്രേരിപ്പിച്ചു. അന്നെനിക്ക് ചിരി അടക്കാനായില്ല. എന്നാല്‍ താമസിയാതെ, നിങ്ങളുടെ അഭിനിവേശവും കഴിവും കൊണ്ട് നിങ്ങള്‍ എന്റെ ഹൃദയത്തില്‍ തൊട്ടു. ആ കൊച്ചു പയ്യന്‍ ‘വിരാട്’ എന്ന താരമായി വളര്‍ന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരു ഇന്ത്യന്‍ താരം തന്നെ എന്റെ റെക്കോര്‍ഡ് തകര്‍ത്തതില്‍ എനിക്ക് വളരെയേറെ സന്തോഷമുണ്ട്. ഈ ലോകകപ്പ് സെമി ഫൈനലിന്റെ വലിയ വേദിയില്‍ അതും എന്റെ ഹോം ഗ്രൗണ്ടില്‍ വച്ച് ഇതുണ്ടായത് ഇരട്ടി മധുരമായി.’