ചിയാൻ വിക്രമിന്റെ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം. നവംബർ 24 ന് ഇറങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച കൌതുകകരമായ ഒരു വിവരം പങ്കുവച്ചിരിക്കുകയാണ് ഗൗതം വാസുദേവ് മേനോൻ. ചിത്രത്തിൽ നായകനാവാൻ ആദ്യമായി സമീപിച്ചത് വിക്രത്തെയല്ലെന്നാണ് ഗൗതം മേനോൻ പറഞ്ഞത്. 

സിനിമാ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗൗതം മേനോൻ. വിക്രത്തെ സമീപിക്കുന്നതിന് മുൻപ് സൂര്യയേയും രജനികാന്തിനേയും സമീപിച്ചുവെന്ന് ഗൗതം പറയുന്നു. 

‘രജനികാന്തിന് താൽപര്യമുള്ള പ്രോജക്റ്റ് ആയിരുന്നു ഇത്. അദ്ദേഹത്തെ കാസ്റ്റ് ചെയ്യുന്നതിനായി നായക കഥാപാത്രം രജനിയുടെ ഏജ് ഗ്രൂപ്പിന് ചേരുന്ന തരത്തിൽ തിരക്കഥയിൽ ചില്ലറ മിനുക്കുപണികളും നടത്തിയിരുന്നു. എന്നാൽ മറ്റ് ചില കാരണങ്ങളാൽ രജനി പ്രോജക്റ്റിലേക്ക് എത്തിയില്ല. പകരം അദ്ദേഹം കബാലിയിൽ അഭിനയിക്കാനായി പോയി’ ഗൗതം പറഞ്ഞു. 

സൂര്യയെയും ഗൗതം വാസുദേവൻ സമീപിച്ചിരുന്നു. എന്നാൽ ഒരു സ്‌പൈ ത്രില്ലർ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന കാര്യത്തിൽ അദ്ദേഹം കൺഫ്യൂഷനിൽ ആയിരുന്നു. അതിനാൽത്തന്നെ ഗൗതം മേനോന് കൈ കൊടുത്തുമില്ല. പിന്നീടാണ് വിക്രത്തിന്റെ അടുത്ത് കഥ പറയുന്നതെന്നും സൂര്യയോട് പറഞ്ഞ അതേ കഥ തന്നെയാണ് വിക്രത്തിനടുത്ത് പറഞ്ഞതെന്നും ഗൗതം കൂട്ടിച്ചേർത്തു. 

ധനുഷ് നായകനായ എന്നൈ നോക്കി പായും തോട്ടൈയിലും ഗൗതം മേനോൻ ആദ്യം നായകനാക്കാൻ ആലോചിച്ചത് സൂര്യയെ ആയിരുന്നെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ തിരക്കഥയും തൃപ്തികരമാവാത്തതിനാൽ സൂര്യ സ്വീകരിച്ചില്ല. പകരമാണ് ധനുഷ് എത്തിയത്.