ഗാസയിലെ അൽഷിഫ ആശുപത്രിയിൽ നിന്ന് ഹമാസിന്റെ വൻ ആയുധ ശേഖരവും, വാർത്താ വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തതായി ഇസ്രയേൽ സൈന്യം. ഇസ്രയേലിന്റെ യുദ്ധ ടാങ്കുകൾ ഉൾപ്പെടെ ആശുപത്രി വളപ്പിൽ പ്രവേശിച്ചിട്ടുണ്ട്.

ആശുപത്രിക്ക് അകത്ത് പ്രവേശിച്ച ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് രോഗികളെയും ആശുപത്രി ജീവക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെയാണ് അൽഷിഫ ആശുപത്രി കീഴടക്കി ഇസ്രയേൽ സൈന്യം റെയ്ഡ് ആരംഭിച്ചത്. ഹമാസിന്റെ ഹൃദയമാണ് അൽ ഷിഫ ആശുപത്രിയെന്നാണ് ഇസ്രയേൽ ആരോപണം.

ആശുപത്രിക്ക് താഴെയുള്ള ഭൂഗർഭ തുരങ്കത്തിലെ ഹമാസിന്റെ കമാണ്ടർ കേന്ദ്രം തകർക്കാനുള്ള സൈനിക നടപടിയാണിതെന്നാണ് ഇസ്രയേൽ വിശദീകരണം. മൂവായിരം അഭയാർത്ഥികളടക്കം നാലായിരത്തിലേറെ പേര്‍ ആശുപത്രിയിലുണ്ട്.

ഇതിനിടെ ഹമാസും ഇസ്രയേലും തമ്മിൽ ധാരണയുണ്ടാക്കാൻ ഖത്തർ ശ്രമം നടത്തുന്നുണ്ട്. 50 ബന്ദികളെ വിട്ടയക്കുന്നതിലും മൂന്നുദിവസത്തെ വെടിനിർത്തലിനുമാണ് ശ്രമമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിന്റെ തടവിലുള്ള പലസ്തീനിയൻ സ്ത്രീകളെയും കുട്ടികളെയും വിട്ടയക്കുന്നതും ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതും ധാരണയുടെ ഭാഗമാണ്. അമേരിക്കയുമായുള്ള ചർച്ചക്കു ശേഷമാണ് ഖത്തറിന്റെ നീക്കം.