സമര്‍ക്കണ്ട്: പാതിവഴിയില്‍ മുടങ്ങിയെന്ന് കരുതിയ എംബിബിഎസ് പഠനം പുനരാരംഭിച്ച് ഉക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ഉസ്‌ബെക്കിസ്ഥാനിലെ ഒരു പ്രമുഖ മെഡിക്കല്‍ സര്‍വകലാശാലയിലാണ് ഈ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനുള്ള അവസരമൊരുങ്ങിയത്.

ദുരിതബാധിതരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനുള്ള അവസരം തേടി ഉക്രെയിനിലെ ഇന്ത്യന്‍ എംബസി ഉസ്‌ബെക്കിസ്ഥാന സമീപിച്ചിരുന്നു. ഉക്രെയിനിലെ 1,000ത്തോളം ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയാണ് ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡ് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഏറ്റെടുത്തത്.

ബീഹാറിലെ ബെഗുസാരായിയില്‍ നിന്നുള്ള അമിതും ഈ വിദ്യാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു. ഉക്രെയ്‌നില്‍ റഷ്യ ആക്രമണം നടത്തുമ്പോള്‍ ഉക്രെയ്‌നിലെ ഒരു ബേസ്‌മെന്റിലാണ് അമിത് ഒരു രാത്രി ചെലവഴിച്ചത്. ‘ഓപ്പറേഷന്‍ ഗംഗ’ പദ്ധതി പ്രകാരം ഇന്ത്യന്‍ സര്‍ക്കാര്‍ ഉക്രെയ്‌നില്‍ നിന്നും ഒഴിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ അമിതും ഉള്‍പ്പെടുന്നു.

ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആരംഭിച്ച സംരംഭമാണ് ‘ഓപ്പറേഷന്‍ ഗംഗ’. 18,282 ഇന്ത്യന്‍ പൗരന്മാരെ ഈ സംരംഭത്തിന് കീഴില്‍ ഒഴിപ്പിച്ചു.

‘ഞാന്‍ രക്ഷപ്പെടില്ല, ഒന്നുകില്‍ മരിക്കും അല്ലെങ്കില്‍ ഉക്രെയ്‌നില്‍ കുടുങ്ങിപ്പോകുമെന്ന് ഞാന്‍ കരുതി. പിന്നീട് ഞാന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍, എനിക്കും എന്റെ കുടുംബത്തിനും ആശ്വാസം തോന്നി, പക്ഷേ അടുത്തതായി എന്താണെന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം തുടര്‍ന്നു. ഉക്രെയ്നിലെ എന്റെ എംബിബിഎസ് പഠനം ഞാന്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു, പിന്നീട് ഞാന്‍ ഉസ്‌ബെക്കിസ്ഥാനിലേക്ക് മാറാന്‍ തീരുമാനിച്ചു, ”അമിത് പിടിഐയോട് പറഞ്ഞു.

സമര്‍ഖണ്ഡിലെ ജീവിതച്ചെലവ് ഉക്രെയ്‌നിനേക്കാള്‍ കൂടുതലാണെന്നും എന്നാല്‍ വിദ്യാഭ്യാസം തുടരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു.