ബെംഗ്ളുറു: നവംബർ 18, 19 തീയതികളിൽ കർണാടകയിൽ നടക്കുന്ന വിവിധ ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഹിജാബിന് നിരോധനമില്ലെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി എംസി സുധാകർ പറഞ്ഞു. നിയമന പരീക്ഷകളിൽ തല മറക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിച്ച് കൊണ്ടുള്ള കർണാടക എക്സാമിനേഷൻ അതോറിറ്റി (KEA) യുടെ പുതിയ ഡ്രസ് കോഡ് ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

ബ്ലൂടൂത് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് തല മറക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിച്ചതെന്നായിരുന്നു വിശദീകരണം. എഐഎംഐഎം തലവൻ അസദുദ്ദീൻ ഉവൈസി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല തുടങ്ങിയവർ ഉത്തരവിനെതിരെ രംഗത്ത് വന്നിരുന്നു.

തട്ടിപ്പ് നടക്കാതിരിക്കാനാണ് ഡ്രസ് കോഡ് ഏർപ്പെടുത്തിയതെന്നും ഹിജാബ് മുഖം മൂടാത്തതിനാൽ ധരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ഡ്രസ് കോഡ് ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചു. ഈ നിയമങ്ങൾ പുതിയതല്ല. അവ നേരത്തെയും ഉണ്ടായിരുന്നു. ജാഗ്രത വർധിപ്പിക്കാനാണ് വീണ്ടും നിർദേശം പുറപ്പെടുവിച്ചത്. അനാവശ്യ തൊപ്പികളോ സ്കാർഫുകളോ ധരിക്കുന്നത് അനുവദനീയമല്ലെന്നും പക്ഷേ ഹിജാബിന് ബാധകമല്ലെന്നും മന്ത്രി അറിയിച്ചു.

ഹിജാബ് ധരിച്ച വനിതാ ഉദ്യോഗാർഥികൾ ഒരു മണിക്കൂർ നേരത്തെ പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും പരിശോധനയ്ക്ക് വിധേയരാകുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. എന്തുകൊണ്ടാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം വിമർശനങ്ങളെ കുറിച്ച് പ്രതികരിച്ചു.