ബെംഗളൂരു: ദീപാവലി ദിനത്തിൽ അലങ്കാരത്തിനായി വൈദ്യുതി മോഷ്ടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മുൻ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കുരുക്ക്. മുതിർന്ന ജെഡിഎസ് നേതാവിന്റെ വസതിയിൽ വൈദ്യുതാലങ്കാരങ്ങൾക്കായി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നതായി തെളിയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ദീപാവലി ദിനത്തിൽ ജെപി നഗറിലെ കുമാരസ്വാമിയുടെ വീട്ടിലേക്ക് വേണ്ട വൈദ്യുതാലങ്കാരങ്ങൾക്കാണ് തൊട്ടടുത്ത ഇലക്ട്രിക് ലൈനിൽ നിന്ന് കണക്ഷൻ എടുത്തത്. കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലാണ് ഈ തട്ടിപ്പിന്റെ വീഡിയോ ആദ്യം പങ്കുവച്ചത്. കുമാരസ്വാമി ഒരു നാണക്കേടുമില്ലാതെയാണ് വൈദ്യുതി മോഷ്ടിക്കുന്നതെന്നും കോൺഗ്രസ് വിമർശിച്ചു.

“ഒരു വാർത്താസമ്മേളനം നടത്തി കർണാടക ഇരുട്ടിലാണെന്ന് താങ്കൾ പറഞ്ഞിരുന്നില്ലേ. ഇപ്പോൾ, നിങ്ങളാകട്ടെ മോഷ്ടിച്ച വൈദ്യുതിയാൽ സ്വന്തം വീടിനെ പ്രകാശിപ്പിക്കുകയാണ്. നിങ്ങളുടെ വീട് ഇത്രയധികം തിളങ്ങുമ്പോൾ, കർണാടക ഇരുട്ടിലാണെന്ന് നിങ്ങൾക്ക് എങ്ങനെ അവകാശപ്പെടാനാകും?,” കോൺഗ്രസ് ചോദിച്ചു. “ഒരു മുൻമുഖ്യമന്ത്രി വൈദ്യുതി മോഷണം നടത്തിയത് ദയനീയമാണ്. സാമ്പത്തിക ഞെരുക്കം നേരിടുന്നുണ്ടെങ്കിൽ 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന ഗൃഹജ്യോതി പദ്ധതിക്ക് അപേക്ഷിക്കാമായിരുന്നു” കോൺഗ്രസ് പരിഹസിച്ചു.

അതേസമയം, സംഭവം വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് എച്ച് ഡി കുമാരസ്വാമി തന്നെ രംഗത്തെത്തി. “ഒരു സ്വകാര്യ വ്യക്തിയാണ് വീട്ടിൽ അലങ്കാര ജോലികൾ നടത്തിയത്. അദ്ദേഹമാണ് ഇത്തരത്തിൽ വൈദ്യുതി ലൈനിൽ നിന്ന് പവർ വലിച്ചത്. സംഭവം അറിഞ്ഞയുടൻ വീട്ടിലെത്തി കണക്ഷൻ മാറ്റി സ്ഥാപിക്കുകയും, വീട്ടിൽ നിന്ന് തന്നെ വൈദ്യുതി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. 

സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയാണ്. ബെസ്കോം അധികൃതർ സംഭവം പരിശോധിക്കട്ടെ. പിഴയടക്കാൻ ഞാൻ തയ്യാറാണ്. കോൺഗ്രസ് ഈ സംഭവത്തെ ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിക്കുകയാണ്. അവരുടെ തരംതാണ മാനസികാവസ്ഥയോട് എനിക്ക് സഹതാപമുണ്ട്,” കുമാര സ്വാമി എക്സിൽ കുറിച്ചു.