മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ 12 മണിയോടെയാണ് സുരേഷ് ഗോപി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായാണ് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിലെത്തിയത്.

തുടർന്ന് രണ്ട് മണിക്കൂറോളം സുരേഷ് ഗോപിയെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം പോലീസ് നോട്ടീസ് നൽകി വിട്ടയച്ചു. പരാതിയിലേക്ക് നയിച്ച സാഹചര്യം സുരേഷ് ഗോപി പോലീസിനോട് വിശദീകരിച്ചതായാണ് റിപ്പോർട്ട്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മറ്റ് നേതാക്കളായ എം.ടി.രമേശ്, ശോഭാസുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, വി.കെ.സജവൻ തുടങ്ങിയവരും സ്റ്റേഷനിലെത്തി. നടക്കാവ് പോലീസ് സ്‌റ്റേഷന് പുറത്ത് കാത്തുനിന്ന ബി.ജെ.പി പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്.

ഒക്ടോബര്‍ 27നായിരുന്നു പരാതിയ്ക്ക് അടിസ്ഥാനമായ സംഭവം ഉണ്ടായത്. കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോടെ മോശമായി പെരുമാറിയത്.