വാഷിംഗ്ടണ്‍: ഹമാസ് ഭീകര സംഘം ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള ദൈനംദിന ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും മോചനം ഉടന്‍ സംഭവിക്കുമെന്ന് വിശ്വസിക്കുന്നതായും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൊവ്വാഴ്ച വ്യക്തമാക്കി.

ബന്ദികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള സന്ദേശമെന്താണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അവിടെ നില്‍ക്കൂ, ഞങ്ങള്‍ വരുന്നുവെന്നാണ് ബൈഡന്‍ വൈറ്റ് ഹൗസില്‍വച്ച് വ്യക്തമാക്കിയത്. ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കക്ഷികളുമായി താന്‍ ദിവസവും സംസാരിക്കാറുണ്ടെന്നും എന്നാല്‍ വിശദാംശങ്ങള്‍ പങ്കിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബൈഡന്‍ അറിയിച്ചു.

അദ്ദേഹത്തിന്റെ പരാമര്‍ശത്തിന് തൊട്ടുപിന്നാലെ, മിഡില്‍ ഈസ്റ്റിലെ ബൈഡന്റെ ഉന്നത ഉപദേഷ്ടാവ് ബ്രെറ്റ് മക്ഗുര്‍ക്ക് ഇസ്രായേല്‍, വെസ്റ്റ് ബാങ്ക്, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ക്കായി ഈ മേഖലയിലേക്ക് പോകുകയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഇസ്രായേലിന്റെ സുരക്ഷാ ആവശ്യങ്ങള്‍, സൈനിക പ്രവര്‍ത്തനങ്ങളില്‍ സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍, വെസ്റ്റ് ബാങ്കിലെ അക്രമാസക്തരായ തീവ്രവാദികളെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്യും. പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഹമാസ് പോരാളികള്‍ ഒക്ടോബര്‍ 7 ന് ഗാസയില്‍ നിന്ന് അതിര്‍ത്തി കടന്ന് ഇസ്രായേലിലേക്ക് കുതിച്ചു കയറി 1,200 ഓളം പേരെ കൊന്നൊടുക്കി. 240 ഓളം പേരെ ബന്ദികളാക്കി. ഇവരില്‍ നാല് ബന്ദികളെ മാത്രമാണ് ഇതുവരെ മോചിപ്പിച്ചത്.