ഒഹായോ: അന്തര്‍സംസ്ഥാന പാതയില്‍ വിദ്യാര്‍ത്ഥികളുമായി പോയ ബസിലേക്ക് സെമിട്രെയിലര്‍ ഇടിച്ചുകയറി മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. 

കൊളംബസില്‍ നടന്ന ഒഹായോ സ്‌കൂള്‍ ബോര്‍ഡ്‌സ് അസോസിയേഷന്‍ കോണ്‍ഫറന്‍സിന് പോകുകയായിരുന്ന ടസ്‌കരാവാസ് വാലി ലോക്കല്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരുമാണ്  ചാര്‍ട്ടര്‍ ചെയ്ത ബസില്‍ ഉണ്ടായിരുന്നത്. 

ലിക്കിംഗ് കൗണ്ടിയിലെ ഇന്റര്‍‌സ്റ്റേറ്റ് 70 വെസ്റ്റില്‍ അഞ്ച് വാഹനങ്ങളാണ് അപകടത്തില്‍ പെട്ടതെന്ന് ഒഹായോ സ്റ്റേറ്റ് ഹൈവേ പട്രോള്‍ പബ്ലിക് അഫയേഴ്‌സ് യൂണിറ്റിലെ ലെഫ്റ്റനന്റ് നേറ്റ് ഡെന്നിസ് പറഞ്ഞു. ചാര്‍ട്ടര്‍ ബസിലുണ്ടായിരുന്ന 18 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

മൊത്തം 57 പേര്‍ ബസിലുണ്ടായിരുന്നതായി ലിക്കിംഗ് കൗണ്ടി എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി ഡയറക്ടര്‍ സീന്‍ ഗ്രേഡി പറഞ്ഞു. പരിക്കേറ്റവരുടെ അവസ്ഥയും അപകടകാരണവും ഇപ്പോള്‍ വ്യക്തമല്ല.