ദാത്തിയ: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും എതിരെ രൂക്ഷ വിമർശമനവും പരിഹാസവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നരേന്ദ്ര മോദി താൻ വേട്ടയാടുന്നുവെന്ന് വിലപിക്കുകയാണെന്നും ‘തേരേ നാം’ എന്ന ചിത്രത്തിലെ സൽമാൻ ഖാന്‍റെ കരച്ചിൽ പോലെയയെന്നും പ്രിയങ്ക ഗാന്ധി പരിഹസിച്ചു.

‘സ്വന്തം വേദനയിൽ സ്ഥിരമായി അസ്വസ്ഥത കാണിക്കുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാണ് മോദി. താൻ നേരിട്ട ആരോപണങ്ങളുടെ നീണ്ട പട്ടികയുമായി മോദി കർണാടകയിലേക്ക് പോയി. അദ്ദേഹം കരയുന്നത് പോലെ തോന്നിപ്പിച്ചു. സൽമാൻ ഖാന്‍റെ ‘തേരേ നാം’ എന്ന സിനിമ നിങ്ങൾ കണ്ടിട്ടുണ്ടോ? ആ സിനിമയിൽ സൽമാൻ ഖാൻ തുടക്കം മുതൽ അവസാനം വരെ കരയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ഒരു സിനിമ നിർമ്മിക്കാനും അതിന് ‘മേരെ നാം’ എന്ന് പേരിടാനും ഞാൻ നിർദേശിക്കുന്നു’ -പ്രിയങ്ക ഗാന്ധി പറഞ്ഞു.

ബി.ജെ.പി നേതാക്കളെല്ലാം അൽപം വിചിത്രരാണ്. ആദ്യം നമ്മുടെ സിന്ധ്യ, അദ്ദേഹത്തോടൊപ്പം താൻ യു.പിയിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഉയരം അൽപം കുറവാണെങ്കിലും അഹങ്കാരത്തിൽ അങ്ങനെയല്ല. അദ്ദേഹത്തിന്‍റെ അടുത്ത് പോകുന്ന ഏതൊരു തൊഴിലാളിയോടും മഹാരാജ് എന്ന് വിളിക്കണമെന്ന് പറയും. എന്നാൽ, തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെന്ന് അവർ പറയരുത്.

സിന്ധ്യ തന്‍റെ കുടുംബത്തിന്റെ പാരമ്പര്യം നന്നായി പിന്തുടർന്നുണ്ട്. പലരും ഒറ്റിക്കൊടുത്തു. എന്നാൽ, അവർ ഗ്വാളിയോറിലെയും ചമ്പയിലെയും പൊതുജനങ്ങളെ വഞ്ചിച്ചു. സിന്ധ്യ സർക്കാറിനെ വീഴ്ത്തിയെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

വ്യവസായികൾക്ക് വേണ്ടി മാത്രമാണ് ബി.ജെ.പി സർക്കാർ പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് കോടികൾ അദാനിക്ക് വേണ്ടി എഴുതിതള്ളുകയും രാജ്യത്തിന്‍റെ സ്വത്തുക്കൾ അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. രാജ്യത്തിന്‍റെ സമ്പത്ത് തട്ടിയെടുത്ത് ഒരു വ്യവസായിയുടെ കൈകളിൽ ഏൽപ്പിച്ചു എന്നതിനേക്കാൾ വലിയ അഴിമതി മറ്റെന്താണ് ബി.ജെ.പി ചെയ്തതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.