വാഷിങ്ടൺ: ചരിത്രത്തിൽ സമാനതകളില്ലാത്ത മഹാക്രൂരതകളുമായി ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേലിനെ തടയാൻ വിസമ്മതിക്കുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ കോടതി കയറി ന്യൂയോർക് ആസ്ഥാനമായ മനുഷ്യാവകാശ സംഘടന. യു.എസ്, രാജ്യാന്തര ചട്ടങ്ങൾ നിർബന്ധിച്ചിട്ടും ഇസ്രായേൽ വംശഹത്യ തടയുകയെന്ന ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്ന് കാണിച്ചാണ് ‘സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂഷനൽ റൈറ്റ്സ് (സി.സി.ആർ) കാലിഫോർണിയ ഫെഡറൽ കോടതിയിൽ പരാതി നൽകിയത്.

ഇസ്രായേൽ തുടരുന്ന മനുഷ്യക്കുരുതി, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ തകർക്കൽ, നിർബന്ധിത പലായനം എന്നിവ വംശഹത്യയാണെന്നും 1948ലെ വംശഹത്യക്കെതിരായ രാജ്യാന്തര ഉടമ്പടിക്കെതിരാണെന്നും സംഘടന കുറ്റപ്പെടുത്തുന്നു. ഏറ്റവുമടുത്ത സഖ്യകക്ഷിയും ഏറ്റവും ശക്തരായ സഹായിയും ഏറ്റവും വലിയ സൈനിക സഹായ ദാതാവുമെന്ന നിലക്ക് ഇസ്രായേലിനെതിരെ നടപടിയെടുക്കാൻ യു.എസിന് അധികാരമുണ്ട്. എന്നിട്ടും യു.എസ് ഇടപെടുന്നില്ലെന്ന് പരാതിയിൽ കുറ്റപ്പെടുത്തി.