ഇന്ത്യയും ചൈനയും ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളുമായും മാലദ്വീപ് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പോകുകയാണെന്ന് നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസു. തന്റെ രാജ്യം ഭൗമരാഷ്ട്രീയ മത്സരത്തില്‍ കുടുങ്ങിപ്പോകാന്‍ കഴിയാത്തത്ര ചെറുതാണ്. മാലദ്വീപിന്റെ നിലവിലെ വിദേശനയത്തില്‍ ഇടപെടാന്‍ തനിക്ക് വലിയ താല്‍പ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ അധികാരമേറ്റതിന് ശേഷം മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ നീക്കം ചെയ്യുമെന്ന് മുയിസു പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച മുയിസു പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. 

‘ജിയോപൊളിറ്റിക്കല്‍ വൈരാഗ്യത്തില്‍ കുടുങ്ങാന്‍ കഴിയാത്തത്ര ചെറുതാണ് മാലിദ്വീപ്. രാജ്യത്തിന്റെ വിദേശനയത്തില്‍ ഇടപെടാന്‍ എനിക്ക് വലിയ താല്‍പ്പര്യമില്ല.’, വാര്‍ത്താ ഏജന്‍സിയായ എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തില്‍ മുയിസു പറഞ്ഞു, 

ഒക്ടോബറില്‍ മാലദ്വീപിലെ സൈനിക സാന്നിധ്യം നീക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി മുയിസു പറഞ്ഞിരുന്നു. കഴിഞ്ഞ മാസം പ്രസിഡന്റ് ഇബ്രാഹിം സോലിഹിനെ പുറത്താക്കിയ മുയിസുവിന്റെ പ്രധാന പ്രചാരണ ആയുധമായിരുന്നു ഇന്ത്യന്‍ സൈനികരെ നീക്കം ചെയ്യുകയെന്നത്. 

നിലവില്‍ 70 ഓളം ഇന്ത്യന്‍ സൈനികരും റഡാര്‍ സ്റ്റേഷനുകളും നിരീക്ഷണ വിമാനങ്ങളും മാലദ്വീപിലുണ്ട്. ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ മാലിദ്വീപിന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പട്രോളിംഗ് നടത്തുന്നുമുണ്ട്.

കഴിഞ്ഞ സെപ്തംബറിലായിരുന്നു 45കാരനായ മുയിസുവിന്റെ തിരഞ്ഞെടുപ്പ് വിജയം. മാലിദ്വീപിലെ ഇന്ത്യയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനത്തിനെതിരായ പ്രചാരണത്തിനാണ് അദ്ദേഹം മുന്‍ഗണന നല്‍കിയിരുന്നത്. അതേസമയം സൈനിക ഉദ്യോഗസ്ഥരെ നീക്കം ചെയ്യാന്‍ ഇന്ത്യയോട് ആവശ്യപ്പെടുന്നത് ചൈനയെയോ മറ്റേതെങ്കിലും രാജ്യത്തെയോ സൈനികരെ മാലിദ്വീപിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.