ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ പ്രതിഷേധവുമായി സഹ തൊഴിലാളികൾ. ‘ഞങ്ങളുടെ സഹപ്രവർത്തകരെ ഉടൻ രക്ഷിക്കൂ…’ എന്ന മുദ്രാവാക്യമുയർത്തിയാണ് തൊഴിലാളികൾ പ്രതിഷേധിക്കുന്നത്. 40 പേരാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങികിടക്കുന്നത്. 

അതേസമയം ബുധനാഴ്ച രക്ഷാപ്രവർത്തനം നാലാം ദിവസത്തിലേക്ക് കടന്നു. കുടുങ്ങിയവരെ പുറത്തെടുക്കാൻ നിർമ്മിച്ച ഓഗർ ഡ്രില്ലിംഗ് മെഷീനും പ്ലാറ്റ്‌ഫോമും പൊളിച്ചുമാറ്റി. അവശിഷ്ടങ്ങൾക്കിടയിലൂടെ ഉരുക്ക് പൈപ്പുകൾ തിരുകാൻ ഓഗർ ഡ്രില്ലിംഗ് മെഷീനായി പ്ലാറ്റ്ഫോം തയ്യാറാക്കാൻ രക്ഷാപ്രവർത്തകർ മണിക്കൂറുകളോളം ചെലവഴിച്ചിരുന്നു, എന്നാൽ ചൊവ്വാഴ്ച രാത്രി മണ്ണിടിച്ചിലുണ്ടായതോടെയാണ് മെഷീൻ പൊളിച്ച് മാറ്റി വീണ്ടും രക്ഷാപ്രവർത്തനം ആരംഭിക്കാൻ പ്രവർത്തകർ നിർബന്ധിതരായത്.

രക്ഷാ പ്രവർത്തനത്തിനിടെ അവശിഷ്ടങ്ങൾ വീണ് രണ്ട് രക്ഷാപ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇവരെ അപകട സ്ഥലത്ത് സ്ഥാപിച്ച താൽക്കാലിക ആശുപത്രിയിലേക്ക് മാറ്റി. തൊഴിലാളികൾക്ക് കടന്നുപോകാൻ കഴിയുന്ന പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള തുരങ്കം നിർമ്മിക്കാൻ ആരംഭിച്ചിരുന്നതായി ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് റുഹേല നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

“എല്ലാം ആസൂത്രണം ചെയ്തതുപോലെ നടന്നാൽ, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ബുധനാഴ്ചയോടെ പുറത്തെത്തിക്കും.”- തുരങ്കം സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ മണ്ണിടിച്ചിലുണ്ടായത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.