ഇസ്ലാമാബാദ്: യുഎസില്‍ നിന്ന് വാങ്ങിയ യുദ്ധോപകരണങ്ങള്‍ ഉക്രെയ്നിന് മറിച്ചുവിറ്റ് പാകിസ്താന്‍ വന്‍ ലാഭം കൊയ്യുന്നുവെന്ന് വെളിപ്പെടുത്തല്‍. രണ്ട് അമേരിക്കന്‍ കമ്പനികളില്‍ നിന്ന് വാങ്ങിയ യുദ്ധോപകരണങ്ങള്‍ യുക്രെയിനിലേക്ക് വിതരണം ചെയ്തുകൊണ്ട് ഇസ്ലാമാബാദ് യുഎസുമായുള്ള ആയുധ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടയിലാണ് കള്ളക്കളിയിലൂടെ പാകിസ്ഥാന്‍ വന്‍ ലാഭക്കൊയ്ത്ത് നടത്തുന്നത്. 2022-ല്‍ അമേരിക്കന്‍ കമ്പനികളായ ഗ്ലോബല്‍ മിലിട്ടറി, നോര്‍ത്ത്റോപ്പ് ഗ്രുമ്മാന്‍ എന്നിവരുമായി ഉണ്ടാക്കിയ ആയുധ ഇടപാടുകളില്‍ നിന്ന് പാകിസ്ഥാന്‍ 364 മില്യണ്‍ ഡോളര്‍ സമ്പാദിച്ചതായി ബിബിസി ഉര്‍ദുവിന്റെ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഉക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ പാകിസ്ഥാന്‍ പരസ്യമായി തങ്ങളുടെ ‘നിഷ്പക്ഷത’ നിലനിര്‍ത്തിയിട്ടുള്ളതാണ്.

ഐഎംഎഫില്‍ നിന്നുള്ള പണത്തിന് പകരമായി യുദ്ധത്തില്‍ തങ്ങളുടെ പക്ഷം പിടിക്കാന്‍ പാകിസ്ഥാന്‍ യുഎസിന്റെ സമ്മര്‍ദ്ദത്തിലാണെന്ന് അന്വേഷണ ഏജന്‍സിയായ ദി ഇന്റര്‍സെപ്റ്റിന്റെ ഒരു റിപ്പോര്‍ട്ട് നേരത്തെ അവകാശപ്പെട്ടിരുന്നു. ബാങ്ക് ഓഫ് പാകിസ്ഥാനില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പാക്കിസ്ഥാന്റെ ആയുധ കയറ്റുമതിയില്‍ 3000% വര്‍ധനയുണ്ടായതായി ബിബിസി ഉര്‍ദു റിപ്പോര്‍ട്ട് ചെയ്തു.

2021-22ല്‍ 13 മില്യണ്‍ ഡോളറിന്റെ ആയുധങ്ങളാണ് പാകിസ്ഥാന്‍ കയറ്റുമതി ചെയ്തത്. 2022-23ല്‍ ഈ കയറ്റുമതി 415 മില്യണ്‍ ഡോളറിലെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

റാവല്‍പിണ്ടിയിലെ പാകിസ്ഥാന്‍ എയര്‍ഫോഴ്‌സ് ബേസ് നൂര്‍ ഖാനില്‍ നിന്ന് യുകെ മിലിട്ടറിയിലേക്ക് പറക്കുന്ന വിമാനങ്ങള്‍ക്കൊപ്പമാണ് ഈ യുദ്ധോപകകരണങ്ങളും കൊണ്ടുപോയത്. ഈ യുദ്ധസാമഗ്രികള്‍ പാകിസ്ഥാനില്‍ നിന്ന് ഉക്രെയ്‌നിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്നതിന് ചരക്ക് വിമാനങ്ങള്‍ വാഗ്ദാനം ചെയ്തതിനാല്‍ ബ്രിട്ടീഷ് സൈന്യത്തിനും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ബിബിസി ഉര്‍ദുവിന്റെ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ 2022 ഓഗസ്റ്റില്‍ ഗ്ലോബല്‍ മിലിറ്ററിയുമായും നോര്‍ത്ത്റോപ്പ് ഗ്രുമാനുമായും തങ്ങളുടെ 155 എംഎം ഷെല്ലുകള്‍ ഉക്രെയ്നിന് വില്‍ക്കുന്നതിനായി രണ്ട് കരാറുകളില്‍ ഒപ്പുവച്ചിരുന്നുവെന്നാണ് സൂചന. പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം) അധികാരത്തിലിരുന്ന സമയത്താണ് ഈ കരാറുകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്.