മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ എത്തി പ്രക്ഷകരുടെ മനം കവർന്ന താരമാണ് അജു വർഗ്ഗീസ്. കോളേജിൽ തന്റെ സുഹൃത്തായ വിനീത് ശ്രീനിവാസനുമായുള്ള പരിചയമാണ് എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച് അജുവിനെ സിനിമയിലേക്ക് എത്തിക്കുന്നത്. പന്ത്രണ്ട് വർഷത്തോളം നീണ്ട അഭിനയ ജീവിതത്തിലൂടെ ഇന്ന് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ് താരം.

ഇപ്പോഴിതാ ആദ്യമായി ഹൊറർ ത്രില്ലർ ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ച് നടൻ അജു വർഗീസ് എത്തിയിരിക്കുകയാണ്. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വിഷ്ണു ഭരതൻ സംവിധാനം ചെയ്ത ചിത്രം ഫീനിക്‌സിലാണ് അജു വർഗ്ഗീസും പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും ട്രെയ്‌ലറുമെല്ലാം വൈറലായിരുന്നു. 

ചിത്രത്തിലെ ഒരു സീൻ ചെയ്യാനായി താൻ 43 ടേക്ക് വരെ പോയിട്ടുണ്ട് എന്നാണ് അജു വർഗീസ് പറയുന്നത്. ചിത്രത്തിൽ 43 ടേക്ക് പോയ ഒരു ഷോട്ട് ഉണ്ട്, ഞെട്ടുന്ന ഒരു സാധനം. ഈ പ്രേതപ്പടം ചെയ്യുമ്പോൾ എനിക്ക് ആദ്യമായിട്ടാ മനസിലായത്, അപ്പുറത്ത് ആളില്ലാലോ. ഇത്രയും കാലം അപ്പുറത്ത് അവനുണ്ടല്ലോ, പ്രതികരിക്കാൻ വേറെ ആരെങ്കിലുമുണ്ടല്ലോ. അത് മനസിലാക്കാൻ വേണ്ടി ഞാൻ ഭഗത്തിന്റെ കൂടെ കോൺജുറിങ് സെക്കൻഡ് ഞാൻ കണ്ടു. ആദ്യമായിട്ട്. 

എനിക്ക് പ്രേതപ്പടം പേടിയാ. അത് മ്യൂട്ട് ചെയ്ത് വെട്ടമിട്ട് ഞാൻ കണ്ടു. ഇത്രയും കാലമായിട്ടും ഞാൻ നൺ, കോൺജുറിങ് സിനിമകൾ ഒന്നും കണ്ടിട്ടില്ല. ഈ സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ഇതിൽ എങ്ങനെയാണെന്ന് അറിയണ്ടേ. ക്യാമറ മാത്രമേയുള്ളു മിക്കപ്പോഴും. ഒരു ഞെട്ടുന്ന ഷോട്ടിന് 40ന് മുകളിൽ ടേക്ക് പോയിട്ടുണ്ട്. 

അതിന് ഫലം കണ്ടോന്ന് എനിക്ക് ഇപ്പോഴും സംശയമാ. മിഥുനും ഭഗതും പാളിപ്പോയെന്ന് പറയും. ഞാൻ റീ ഷൂട്ട് ചെയ്യാമെന്ന് പറയുമ്പോൾ, അതൊന്നും പറ്റില്ല, കാശ് തീരുമെന്ന് പറയും എന്നാണ് അജു വർഗീസ് പറയുന്നത്.