കളമശ്ശേരി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ അനുവദിക്കും. ഒക്ടോബര്‍ 29ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. അഞ്ച് പേരാണ് ഇതുവരെ മരിച്ചത്. പരിക്കേറ്റ ചിലര്‍ ഇപ്പോഴും ചികിത്സയിലാണ്. 

അതേസമയം കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോട മാർട്ടിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. അഭിഭാഷകന്‍ വേണ്ടെന്ന് വീണ്ടും ഡൊമിനിക് മാര്‍ട്ടിന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. ഇന്ന് രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഡൊമിനിക് മാര്‍ട്ടിനെ ഹാജരാക്കിയത്. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായതോടെ പ്രതിയെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. ഇതോടെയാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്.

നേരത്തെ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്ന് സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകള്‍ കണ്ടെത്തി. എ, ബി എന്നു രേഖപ്പെടുത്തിയ രണ്ട് സ്വിച്ചുകളുള്ള ഓറഞ്ച് നിറത്തിലുള്ള റിമോട്ടുകളാണ് ലഭിച്ചത്. സ്‌ഫോടന ശേഷം വാഹനത്തില്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ എത്തിയ മാര്‍ട്ടിന്‍ വാഹനത്തിനുള്ളില്‍ റിമോട്ടുകള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കൊടകര പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തത്. വെള്ള കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇവ. 

നേരത്തെ ഡൊമിനിക് മാർട്ടിനെ 10 ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടിരുന്നു. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പോലീസ്  കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിയെ പോലീസ് കസ്‌റ്റഡിയിൽ വിടാൻ തീരുമാനമായത്. കേസിൽ അഭിഭാഷകന്റെ സേവനം ആവശ്യമില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് പ്രതി ഡൊമിനിക് മാർട്ടിൻ. പോലീസിനെതിരെ പരാതിയില്ലെന്നും താൻ ആരോ​ഗ്യവാനാണെന്നും ഇയാൾ പറഞ്ഞു.  

ഇവ എവിടെ നിന്നൊക്കെയാണ് വാങ്ങിയത്? അതിനുള്ള പണം എവിടെ നിന്ന് ലഭിച്ചു എന്നുള്ള കാര്യങ്ങൾ കൂടി പോലീസിന് പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യവും പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നവംബർ പതിനഞ്ചാം തീയതി വരെയാണ് കോടതി മാർട്ടിനെ കസ്‌റ്റഡിയിൽ അനുവദിച്ചിരിക്കുന്നത്. 

പോലീസുമായി എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ടെന്നും തനിക്ക് പോലീസിനെതിരെ പരാതിയൊന്നുമില്ലെന്നും മാർട്ടിൻ കോടതിയിൽ വ്യക്തമാക്കി. വൈദ്യപരിശോധന നടപടികൾ പൂർത്തിയാക്കിയതിന് ശേഷമാണ് ഇയാളെ കോടതിയിലെത്തിച്ചത്. നിലവിൽ മാർട്ടിന്റെ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. 

നേരത്തെ പ്രതിക്ക് മാനസിക- ശാരീരിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തതയ്ക്കായി പ്രതിയുടെ മനോനില മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ വിലയിരുത്താനാണ് പൊലീസ് നീക്കം. ഇനി കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ ഇത് കൂടി പരിഗണിച്ചുള്ള ചോദ്യം ചെയ്യല്‍ രീതി പരീക്ഷിക്കാനാണ് സാധ്യത.