ഗസ്സ: റൻതീസിയിലെ കുട്ടികളുടെ ആശുപത്രിക്കടിയിൽ ഹമാസിന്‍റെ ടണൽ ഉണ്ടെന്ന ആരോപണം സാധൂകരിക്കാൻ വീണ്ടും വ്യാജ വിഡിയോയുമായി ഇസ്രായേൽ സേന. ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരിയാണ് വിഡിയോയിലൂടെ വ്യാജ പ്രചരണം അഴിച്ചുവിടുന്നത്.

റൻതീസിയിലെ കുട്ടികളുടെ ആശുപത്രിക്കടിയിൽ ടണൽ ഉണ്ടെന്നാണ് ഹഗാരി ആരോപിക്കുന്നത്. ആശുപത്രിയുടെ സെല്ലാറിലേക്കുള്ള എലിവേറ്റർ ഹമാസിന്‍റെ ടണലിലേക്കുള്ള പ്രവേശന കവാടമാണെന്നും 600 അടി താഴ്ചയിലാണ് ടണലെന്നും സൈനിക വക്താവ് പറയുന്നു.

ആശുപത്രിയുടെ ഇരുട്ട് നിറഞ്ഞ അടിനിലയിൽ നിൽക്കുന്ന ഹഗാരി, ഹമാസിന്‍റെ അനധികൃത ടണലിലേക്ക് പോകാനുള്ള വഴിയാണെന്നും പറയുന്നു. 

കൂടാതെ, അറബിയിൽ എഴുതി ഭിത്തിയിൽ പതിച്ച പേപ്പറിലുള്ളത് ഹമാസ് പോരാളികളുടെ പേരാണെന്ന് പറയുന്നു. എന്നാൽ, അറബിയിൽ ആഴ്ചകളുടെ പേരാണ് എഴുതിയിട്ടുള്ളതെന്ന് പേപ്പർ പരിശോധിച്ചാൽ വ്യക്തമാകും. 

ആശുപത്രിയുടെ അടിയിലെ നിലയിൽ നിരത്തിവെച്ച തോക്കുകളും ബോംബുകളും ചൂണ്ടിക്കാണിക്കുന്ന സൈനിക വക്താവ്, ഹമാസിന്‍റെ ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നുവെന്നും അവകാശപ്പെടുന്നു.

അതേസമയം, ഇസ്രായേലിന്‍റെ വ്യാജ പ്രചരണത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷ വിമർശനമാണ് ഉയർന്നത്. വിഡിയോയുടെ ഭാഗങ്ങൾ നിരവധി തവണ എഡിറ്റ് ചെയ്യുകയും മുറിച്ചുമാറ്റുകയും ചെയ്തതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.