കസ്റ്റഡിയിലെടുത്ത കുറ്റാരോപിതരെ സ്ഥിരം ക്രൂരപീഡനത്തിനിരയാക്കുന്ന, ഇപ്പോൾ സസ്‌പെൻഷനിൽ കഴിയുന്ന ഐപിഎസ് ഉദ്യോഗസ്ഥനെ വിചാരണ ചെയ്യാൻ തമിഴ്നാട് സർക്കാർ അനുമതി നൽകി. മാർച്ച് 29 മുതൽ സസ്‌പെൻഷനിൽ കഴിയുന്ന ബൽവീർ സിങ്ങിനെ വിചാരണ ചെയ്യാനാണ് സർക്കാർ അനുമതി നൽകിയത്.

ഇയാൾക്കെതിരെ നിരവധി പരാതികളാണ് ഉള്ളത്. അംബാസമുദ്രം എസ് പി ആയി ജോലി നോക്കുന്നതിനിടെ, കസ്റ്റഡിയിൽ കഴിഞ്ഞ നിരവധി കുറ്റാരോപിതർ ഇയാൾ മർദിച്ചതായായിരുന്നു പരാതി. പല്ല് പ്ലയർ ഉപയോഗിച്ച് പറിച്ചെടുക്കുക, പല്ലിൽ കല്ല് ഉരയ്ക്കുക, പ്രതികളുടെ വൃഷണങ്ങൾ മാരകമായി മുറിവേൽപ്പിക്കുക തുടങ്ങിയതാണ് ഇയാളുടെ രീതിയെന്ന് പരാതിക്കാർ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323 (ബോധപൂർവം മുറിവേൽപ്പിക്കൽ), സെക്ഷൻ 324, സെക്ഷൻ 326 തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

കേസിന്റെ അന്വേഷണം തമിഴ്‌നാട് ഡിജിപി സി ശൈലേന്ദ്രബാബു ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ തമിഴ്‌നാട് സർക്കാർ ഐഎഎസ് ഉദ്യോഗസ്ഥയായ പി അമുദയെ നിയോഗിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കൈമാറിയത്.