ശോഭന എന്നാൽ മലയാളികൾക്ക് അതൊരു വികാരമാണ്. ശോഭന എന്ന പേരു കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ഒട്ടേറെ കഥാപാത്രങ്ങളിൽ ഒന്ന് മാത്രമാണ് മണിച്ചിത്രത്താഴിലെ നാഗവല്ലി. ഗംഗ നാഗവല്ലിയായി മാറുന്നതും ‘ഇന്നേക്ക് ദുർഗാഷ്ടമി നാൾ’ എന്നു തുടങ്ങുന്ന ഡയലോഗും എല്ലാം മലയാളി പ്രേക്ഷകർക്ക് ഒരു വികാരമാണ്.

ഇപ്പോഴിതാ ശോഭനയുടെ ഒരു വീഡിയോ വൈറലാവുകയാണ്. ദീപാവലിയ്ക്ക് പടക്കം പൊട്ടിക്കാൻ പാടുപെടുന്ന ശോഭനയുടെ വീഡിയോയാണിത്. പടക്കം കൈയ്യിലെടുത്ത് റോഡിൽ വെയ്ക്കുന്ന താരത്തെ വീഡിയോയുടെ തുടക്കത്തിൽ കാണാം. പിന്നീട് പടക്കം കത്തിയ്ക്കുകയാണ്. മൂന്നാമത്തെ ശ്രമത്തിലാണ് പടക്കത്തിൽ തീ പിടിക്കുന്നത്. എന്നാൽ ആ പരിസരത്തെങ്ങും ശോഭനയുണ്ടായിരുന്നില്ല.

പടക്കത്തിന് തീപിടിച്ചതും ഓടിരക്ഷപെടുന്ന താരത്തെയാണ് കാണുന്നത്. തന്റെ പഴയ ബാച്ചിലെ കുട്ടികളാണ് സാധാരണ ഇതൊക്കെ ചെയ്തുതന്നിരുന്നതെന്നും അവരെ ഈ അവസരത്തിൽ മിസ് ചെയ്യുന്നുവെന്നും ശോഭന വിഡിയോയുടെ അടിക്കുറിപ്പായി കുറിച്ചു. എല്ലാവർക്കും ദീപാവലി ആശംസയും താരം നേരുന്നുണ്ട്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 

നാഗവല്ലി ഇങ്ങനെ പേടിക്കാമോ?, ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ, നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ടീം ആണ് ഓടുന്നത്, പൂക്കുറ്റി പൊട്ടിക്കാൻ നേരം ഒരു ഓട്ടം ഉണ്ട്, സിവനേ ഇതേത് ജില്ല, നാഗവല്ലി ഓടിയ ഓട്ടം കണ്ടാ?? എന്നിങ്ങനെ നീളുന്നു കമന്റുകൾ. 

അഭിനയത്തിൽ മാത്രമല്ല, സൗന്ദര്യത്തിലും നൃത്തത്തിലുമെല്ലാം തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.  മലയാളികളുടെ നായിക സങ്കൽപ്പങ്ങളിൽ ശോഭനയ്ക്കുള്ള സ്ഥാനം ചെറുതല്ല. കുറച്ച് വർഷങ്ങളായി ശോഭന അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം ആക്ടീവാണ്. തന്റെ ശിഷ്യരുമൊത്തുള്ള വീഡിയോകൾ ശോഭന നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്.