ന്യൂയോര്‍ക്ക്: മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂത്ത സഹോദരിയും മുന്‍ യുഎസ് ഫെഡറല്‍ ജഡ്ജിയുമായ മരിയന്‍ ട്രംപ് ബാരി അന്തരിച്ചു.  86 വയസ്സായിരുന്നു.

ന്യൂയോര്‍ക്ക് സിറ്റിയിലെ അപ്പര്‍ ഈസ്റ്റ് സൈഡിലുള്ള വീട്ടില്‍ വെച്ചാണ് ബാരി മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം അജ്ഞാതമാണ്. 

ന്യൂയോര്‍ക്കിലെ പ്രമുഖ പ്രോപ്പര്‍ട്ടി ഡെവലപ്പര്‍ ഫ്രെഡ് ട്രംപിന്റെയും മേരി ആനി മക്ലിയോഡ് ട്രംപിന്റെയും മൂത്ത മകളായ ബാരി, 1983 ലാണ് റൊണാള്‍ഡ് റീഗന്‍ ന്യൂജേഴ്സിയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലേക്ക് നിയമിക്കപ്പെട്ടത്. ബാരി 2019 ല്‍ ഫെഡറല്‍ ബെഞ്ചില്‍ നിന്ന് വിരമിച്ചു.

അനുജനായ ഡൊണാള്‍ഡ് ട്രംപുമായി വളരെ അടുപ്പം ബാരി സൂക്ഷിച്ചിരുന്നു. എന്നാല്‍ യുഎസിലെ പരമോന്നത അധികാരത്തിലേക്കുള്ള ട്രംപിന്റെ ഉയര്‍ച്ചയും വൈറ്റ് ഹൗസ് കാലയളവും ഈ ബന്ധത്തിന് ഉലച്ചില്‍ തട്ടിച്ചു. 2018 ല്‍ ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് കുടുംബാംഗങ്ങളിലൊരാള്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ബാരി 1990 കളില്‍ നികുതി വെട്ടിച്ചെന്ന ആരോപണവും ഒപ്പം ഉയര്‍ന്നിരുന്നു.