നിലപാടുകളുടെ പേരിൽ രാജ്യത്തെ അധികാരി വർഗത്തിന്‍റെ കണ്ണിലെ കരടായി മാറിയ നടിയാണ്​ ദീപിക പദുക്കോൺ. ഡൽഹി ജെ.എൻ.യുവിൽ സംഘപരിവാർ സംഘടനകൾ വിദ്യാർഥികളെ ആക്രമിച്ച നാളുകളിൽ സമരപ്പന്തലിൽ നേരിട്ടെത്തി ദീപിക നിലയുറപ്പിച്ചത്​ ഏതാനും മിനുട്ടുകൾ മാത്രമായിരുന്നു. എന്നാൽ ആ നിൽപ്പ്​ കാവിപ്പടയെ അസ്വസ്ഥതപ്പെടുത്തിയത്​ കുറച്ചൊന്നുമല്ല.

തുടർന്നിങ്ങോട്ട്​ ദീപികയെ ബഹിഷ്കരിക്കാനും സിനിമകൾ വിവാദത്തിൽ കുരുക്കാനും ബി.ജെ.പി ഐ.ടി സെൽ നിരന്തര പരിശ്രമത്തിലാണ്​. ബിക്കിനി വിവാദം മുതൽ അവസാനം അവതരിപ്പിച്ച കാമുകന്മരുടെ എണ്ണത്തെച്ചൊല്ലിയുള്ള പരിഹാസങ്ങൾവരെ ഇത്തരത്തിലുള്ളതാണ്​. ഈ പശ്​ചാത്തലത്തിൽ വോഗ്​ ഇന്ത്യക്ക്​ നൽകിയ അഭിമുഖത്തിൽ മേഡലിങും സിനിമയും മുതൽ വ്യക്​തിജീവിതത്തിലെ വിഷാദ രോഗവുംവരെയുള്ള ചോദ്യങ്ങളോട്​ ദീപിക പ്രതികരിച്ചത്​ വൈറലായിട്ടുണ്ട്..

2007ൽ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ഫറാ ഖാന്റെ ‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിലൂടെയാണ് ദീപിക പദുക്കോൺ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അവിടന്നുതുടങ്ങി നിരവധി ആഗോള ബ്രാൻഡുകളുടെ മുഖങ്ങളായിവരെ ദീപിക തന്‍റെ കരിയറിനെ ഉയർത്തിയിട്ടുണ്ട്​. ഓസ്കാർ അവതാരക, ടൈം മാഗസിൻ കവർ ഗേൾ, ഫിഫ ലോകകപ്പ് ട്രോഫി അനാച്ഛാദക, ലൂയിസ് വിറ്റൺ, കാർട്ടിയർ പോലുള്ള ബ്രാൻഡുകളുടെ അംബാസഡർ എന്നിങ്ങനെ തിളങ്ങുകയാണ്​ ദീപിക ഇന്ന്​. നിലവിൽ നിരവധി ബ്ലോക്​ബസ്റ്ററുകളുടെ ഭാഗമായ, രാജ്യത്തെ ഏറ്റവും വിലയുള്ള നടികൂടിയാണ്​ ദീപിക.