ബെംഗളൂരു : സഹപാഠിയെ മതം മാറ്റിയ 17 കാരനും , പിതാവിനുമെതിരെ കേസ് . ആദ്യമായാണ് കർണാടകയിൽ പ്രായപൂർത്തിയാകാത്ത ഒരാൾക്കെതിരെ മതപരിവർത്തന നിരോധന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്തയാൾക്കെതിരെയും പിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത സഹപാഠിയെ നിർബന്ധിച്ച് മതം മാറ്റുകയായിരുന്നു ഇവർ . വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് നിസ്ക്കാര തൊപ്പിയും, ഖുറാനും , ഇസ്ലാമിക സാഹിത്യവും കണ്ടെത്തുന്നതുവരെ കുടുംബാംഗങ്ങൾ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല.
കർണാടകയിലെ ചിത്രദുർഗ ജില്ലയിലാണ് സംഭവം. പ്രദേശത്തെ കുറുബ സമുദായത്തിലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ മതം മാറ്റിയ സംഭവമാണ് ഇപ്പോൾ പുറത്ത് വന്നത് . തന്റെ മകന് 17 വയസ്സുണ്ടെന്ന് വിദ്യാർത്ഥിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ചള്ളക്കെരെ താലൂക്കിലെ കോളേജിലാണ് പഠിക്കുന്നത്. കുറച്ചു നാളുകളായി ക്ഷേത്രത്തിൽ പോകാൻ മടി കാട്ടുന്നുണ്ടായിരുന്നു. മാത്രമല്ല, അടുത്തിടെ ദസറ പൂജയിലും പങ്കെടുക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് സംശയം തോന്നി മകന്റെ സ്കൂൾ ബാഗ് പരിശോധിച്ചപ്പോൾ ഇസ്ലാമിക സാഹിത്യങ്ങളും തൊപ്പിയും കണ്ടെടുത്തു. ഇത് മാത്രമല്ല, മകന്റെ ഫോൺ പരിശോധിച്ചപ്പോൾ കഞ്ചാവും മറ്റ് ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട ചാറ്റുകൾ കണ്ടെത്തി.
അന്വേഷിച്ചപ്പോൾ, സഹപാഠിയും ,പിതാവും ചേർന്ന് തന്റെ മകനെ പള്ളിയിൽ കൊണ്ടുപോകാറുണ്ടെന്ന് മനസ്സിലായതായി വിദ്യാർത്ഥിയുടെ പിതാവ് പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണെന്ന് ചിത്രദുർഗ എസ്പി ധർമേന്ദ്ര കുമാർ മീണ പറഞ്ഞു.