ബ്രസീലിയ: ബ്രസീലിയൻ ഗായകൻ ഡാർലിൻ മൊറൈസ് (28) ചിലന്തിയുടെ കടിയേറ്റ് മരിച്ചു. മുഖത്ത് ചിലന്തിയുടെ കടിയേറ്റതിനെ തുടർന്നാണ് മരണം. അദ്ദേഹത്തിന്‍റെ 18കാരിയായ വളർത്തുമകളും ചിലന്തിയുടെ കടിയേറ്റതിനെ തുടർന്ന് ആശുപത്രിയിലാണ്.

ഒക്‌ടോബർ 31 ന് വടക്കുകിഴക്കൻ നഗരമായ മിറാനോർട്ടിലെ വീട്ടിൽ വച്ച് ചിലന്തിയുടെ കടിയേറ്റതിനെ തുടർന്ന് മൊറൈസിന് അസുഖം ബാധിക്കുകയായിരുന്നു. മകളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മൊറൈസിന്‍റെ ഭാര്യ ലിസ്ബോവ മാധ്യമങ്ങളോട് പറഞ്ഞു.

ചിലന്തിയുടെ കടിയേറ്റതിനെ തുടർന്ന് മൊറൈസിന് ശരീര തളർച്ച അനുഭവപ്പെട്ടിരുന്നുവെന്നും കടിയേറ്റ ഭാഗത്തെ നിറം മാറാൻ തുടങ്ങിയെന്നും ലിസ്ബോവ പറഞ്ഞു. തുടർന്ന് അദ്ദേഹത്തിന്ന് അലർജി ഉണ്ടാകുകയും മിറനോർട്ടിലെ ആശുപത്രി സന്ദർശിക്കുകയും വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു.

2024 ജനുവരിയിൽ ഒരു തത്സമയ ഷോ അദ്ദേഹം ആസൂത്രണം ചെയ്യുകയായിരുന്നു വെന്ന് സുഹൃത്ത് അറിയിച്ചു. ബ്രസീലിന്റെ വടക്കുകിഴക്കൻ മേഖലയിലെ പ്രശസ്തമായ സംഗീത വിഭാഗമായ ഫോർറോ പാടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച മൊറൈസ് 15-ാം വയസ്സിൽ സംഗീത ലോകത്തേക്ക് കടന്നുവരുന്നത്. സഹോദരനും സുഹൃത്തും ഉൾപ്പെടുന്ന മൂന്നംഗ സംഗീത സംഘമായിരുന്നു അദ്ദേഹത്തിന്‍റേത്.