ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന്റെ ബന്ധത്തെക്കുറിച്ച് രാജ്യത്തെ സുരക്ഷാ ഏജൻസികൾ അന്വേഷിക്കുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ.
“ഇന്ത്യ ഗവൺമെന്റിന്റെ ഏജന്റുമാരും കനേഡിയൻ പൗരനായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങൾ കനേഡിയൻ സുരക്ഷാ ഏജൻസികൾ സജീവമായി പിന്തുടരുന്നു” ഒട്ടാവയിലെ ഹൗസ് ഓഫ് കോമൺസിൽ സംസാരിക്കവെ ട്രൂഡോ പറഞ്ഞു.
ഇന്ത്യൻ സർക്കാർ തിരയുന്ന ഹർദീപ് സിംഗ് നിജ്ജാർ ഈ വർഷം ജൂൺ 18നാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വച്ചാണ് നിജ്ജാർ വെടിയേറ്റ് മരിച്ചത്.
“ഇന്ത്യൻ ഗവൺമെന്റിന്റെ ഉന്നത രഹസ്യാന്വേഷണ സുരക്ഷാ ഉദ്യോഗസ്ഥരോട് കാനഡ അതിന്റെ ആഴത്തിലുള്ള ആശങ്കകൾ അറിയിച്ചു. കഴിഞ്ഞയാഴ്‌ച, ജി20യിൽ, ഞാൻ വിഷയം വ്യക്തിപരമായി നേരിട്ടും പ്രധാനമന്ത്രി മോദിയുടെ ശ്രദ്ധയിലെത്തിച്ചു” കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞു.
“സാധ്യമായ ഏറ്റവും ശക്തമായ നിബന്ധനകളോടെ ഈ വിഷയത്തിന്റെ സത്യമറിയാൻ കാനഡയുമായി സഹകരിക്കാൻ ഞാൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു” അദ്ദേഹം പറഞ്ഞു. ഇൻഡോ-കനേഡിയൻ സമൂഹത്തോട് വിഷയത്തിൽ ശാന്തത പാലിക്കാനും അദ്ദേഹം ആഹ്വാനം ചെയ്‌തു.
ജി 20 ഉച്ചകോടിക്കിടെ നടന്ന യോഗത്തിൽ, കാനഡയിൽ ഖാലിസ്ഥാൻ തീവ്രവാദികൾ നടത്തുന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി ജസ്‌റ്റിൻ ട്രൂഡോയോട് തന്റെ ആശങ്ക അറിയിച്ചിരുന്നു.
അതേസമയം, “കാനഡയിലെ തീവ്രവാദ ഘടകങ്ങളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നതിനെ കുറിച്ച് അദ്ദേഹം (പ്രധാനമന്ത്രി മോദി) ശക്തമായ ആശങ്കകൾ അറിയിച്ചു. അവർ വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും ഇന്ത്യൻ നയതന്ത്രജ്ഞർക്ക് നേരെ അക്രമം അഴിച്ചുവിടുകയും നയതന്ത്ര സ്ഥാപനങ്ങളെ നശിപ്പിക്കുകയും കാനഡയിലെ ഇന്ത്യൻ സമൂഹത്തെയും അവരുടെ ആരാധനാലയങ്ങളെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു” പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പറഞ്ഞു.
അതിനിടെ, ഹൗസ് ഓഫ് കോമൺസിൽ ട്രൂഡോ നടത്തിയ പ്രസംഗത്തിന് പിന്നാലെ ഒരു ഇന്ത്യൻ നയതന്ത്രജ്ഞനെയും കാനഡ പുറത്താക്കി. രാജ്യത്തെ ഇന്ത്യൻ ഇന്റലിജൻസ് മേധാവിയെ പുറത്താക്കിയതായി കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളിയാണ് അറിയിച്ചത്.