ബെംഗളൂരു: മലയാളിയായ ഭർത്താവ് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി. ദക്ഷിണ കന്നഡ ജില്ലയിൽ താമസിക്കുന്ന യുവതി സുള്ള്യ പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. തൃശൂർ സ്വദേശിയായ അബ്ദുൾ റഷീദിനെതിരായാണ് യുവതി പരാതി നൽകിയതെന്നാണ് പോലീസിനെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അബ്ദുൾ റഷീദ് വിദേശത്താണ് ജോലി ചെയ്യുന്നത്. ദമ്പതികൾക്ക് രണ്ട് പെൺകുട്ടികൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ദക്ഷിണ കന്നഡയിലെ ജയനഗർ സ്വദേശിനിയായ യുവതിയെ ഏഴ് വർഷം മുമ്പാണ് റഷീദ് വിവാഹം ചെയ്തത്. രണ്ടുവർഷം മുമ്പ് ഇയാൾ ഭാര്യയെ വിദേശത്തേക്ക് കൂട്ടിക്കൊണ്ടുവന്ന് താമസിപ്പിക്കുകയും ചെയ്തിരുന്നു. ഇവർ രണ്ടാമത് ഗർഭിണിയായപ്പോഴാണ് തിരികെ സുള്ള്യയിലേക്ക് കൊണ്ടുവന്നത്.
ദമ്പതികൾ തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. മുതിർന്നവർ ഇടപെട്ട് ഈ പ്രശ്നം അവസാനിപ്പിച്ചിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെയാണ് ഭർത്താവ് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി വിവാഹമോചനത്തിന് ശ്രമിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് സുള്ള്യ പോലീസ് പറഞ്ഞു.