പുനെ: കാമുകന് വേണ്ടി എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയതായി പൊലീസ്. വിമാന്‍ നഗറിലെ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രസിക രവീന്ദ്ര ദിവാട്ടെ (25) ആണ് മരിച്ചത്. സംഭവത്തില്‍ രസികയുടെ അമ്മയുടെ പരാതിയില്‍ മഞ്ജരിയിലെ ഇസഡ് കോര്‍ണറില്‍ താമസിക്കുന്ന കാമുകന്‍ ആദര്‍ശ് അജയ് കുമാര്‍ മേനോനെ ഹഡപ്സര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നത്: ബിടി കവാഡെ റോഡില്‍ താമസിച്ചിരുന്ന രസിക, കാമുകനു വേണ്ടിയാണ് ബാങ്കില്‍നിന്നു ലോണ്‍ എടുത്തത്. ഒരു കാറും വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ ഇവയുടെ ഇഎംഐ അടയ്ക്കാന്‍ കാമുകന്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്നു രസിക ജീവനൊടുക്കുകയായിരുന്നു.

രസിക കഴിഞ്ഞ കുറച്ച് മാസങ്ങളായി സമ്മര്‍ദത്തിലായിരുന്നുവെന്നും ആദര്‍ശിനായി താന്‍ എടുത്ത വായ്പയുടെ ഇഎംഐ അടക്കാത്തതിനാല്‍ വിഷമമുണ്ടെന്നും അതിനാല്‍ തന്നെ അത് അടയ്ക്കാന്‍ നിര്‍ബന്ധിതയായെന്നും ഈ പ്രശ്‌നത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ അടിക്കടി വഴക്കുകള്‍ ഉണ്ടാകാറുണ്ടെന്നും മകള്‍ തന്നോട് പറഞ്ഞതായി രസികയുടെ അമ്മ ചന്ദ നല്‍കിയ പരാതിയില്‍ പറഞ്ഞു.

‘വെള്ളിയാഴ്ച പുലര്‍ചെ 4 മണിക്ക് രസികയുടെ സുഹൃത്തില്‍നിന്ന് ഫോണ്‍ വിളിയെത്തി. മഞ്ജരിയിലുള്ള ആദര്‍ശിന്റെ ഫ്‌ലാറ്റില്‍ രസിക ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും അവര്‍ അവളെ ഹഡപ്സറിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയാണെന്നും അറിയിച്ചു. ഞാന്‍ അവിടെ എത്തിയപ്പോള്‍ എന്റെ മകള്‍ മരിച്ചിരുന്നു. ആദര്‍ശ് അവിടെ നില്‍ക്കുകയാണ്, ഞാന്‍ അവന്റെ അടുത്ത് ചെന്ന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. പുലര്‍ചെ 3 മണി വരെ അവര്‍ വഴക്കിട്ടുണ്ടെന്ന് അവന്‍ എന്നോടു പറഞ്ഞു. ഇതിനുശേഷം മുറിയില്‍ കയറിയ രസിക ആത്മഹത്യ ചെയ്യുകയായിരുന്നു.’ -ചന്ദ പരാതിയില്‍ പറയുന്നു.

ഒരേ കംപനിയില്‍ ജോലി ചെയ്തിരുന്ന രസികയും ആദര്‍ശും ഈ വര്‍ഷം ജനുവരി മുതല്‍ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ഏപ്രിലില്‍ ആദര്‍ശിനായി രസിക ഒരു കാര്‍ വാങ്ങുകയും ഡൗണ്‍ പേയ്മെന്റ് തുക നല്‍കുകയും ചെയ്തു. ഈ തുക തിരിച്ചടയ്ക്കാമെന്നും വായ്പയുടെ ഇഎംഐ അടയ്ക്കാമെന്നും ആദര്‍ശ് ഉറപ്പു നല്‍കിയിരുന്നു. ഇതിനാസി രസിക തന്റെ ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് മൊത്തം 3 ലക്ഷം രൂപ വായ്പയെടുക്കുകയും പണം ആദര്‍ശിന് കൈമാറുകയും ചെയ്തു. 2.75 ലക്ഷം രൂപ വ്യക്തിഗത വായ്പയും യുവാവിന് നല്‍കിയിരുന്നു. ആദര്‍ശിനായി വായ്പാ ആപുകള്‍ വഴിയും രസിക ലോണ്‍ എടുത്തിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നു.