ഓട്ടവ: ഇരുരാജ്യങ്ങളും തമ്മിലുള്ള നതയന്ത്രബന്ധം വഷളാകുന്നതിനിടെ ഇന്ത്യയ്ക്കെതിരെ പുതിയ ആരോപണവുമായി കാനഡ. രണ്ടുമാസംമുൻപ് ബ്രിട്ടീഷ് കൊളംബിയയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ വിഘടനവാദി നേതാവിൻ്റെ മരണത്തിനു പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാണ് കാനഡയുടെ ആരോപണം. ഇക്കാര്യത്തിൽ അന്വേഷണോദ്യോഗസ്ഥ‍ർക്ക് ബലമായ സംശയമുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. പാർലമെൻ്റിൽ സംസാരിക്കവേയായിരുന്നു ട്രൂഡോയുടെ ഗുരുതരമായ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് കാനഡ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി. ഇരുരാജ്യങ്ങളും തമ്മിൽ ഉരസിയതോടെ വ്യാപാര ച‍ർച്ചകൾക്കായി ഒക്ടോബറിൽ കനേഡിയൻ സംഘം ഇന്ത്യയിലേക്ക് നടത്താനിരുന്ന യാത്രയും റദ്ദാക്കിയിരുന്നു.

പഞ്ചാബ് സംസ്ഥാനം വേ‍ർപെടുത്തി ഖലിസ്ഥാൻ രാജ്യം രൂപീകരിക്കണമെന്ന ആശയം പ്രചരിപ്പിക്കുന്ന ഹ‍ർദീപ് സിങ് നിജ്ജാ‍ർ എന്ന 45കാരനാണ് ജൂൺ മാസത്തിൽ കൊല്ലപ്പെട്ടത്. മുഖംമൂടി ധിരിച്ച രണ്ടുപേർ സറിയിലെ ഗുരുനാനാക് സിഖ് ഗുരുദ്വാരയ്ക്കു മുന്നിൽവെച്ച് നിജ്ജാറെ വെടിവെച്ചു കൊലപ്പടുത്തുകയായിരുന്നു. ഇന്ത്യയിൽ ജനിച്ച് കനേഡിയൻ പൗരത്വം സ്വീകരിച്ച ഇയാൾ ഈ ഗുരുദ്വാരയുടെ ചുമതലക്കാരനായിരുന്നു. ഇന്ത്യ രാജ്യവിരുദ്ധമായി കണക്കാക്കുന്ന ഖലിസ്ഥാൻ ആശയത്തിന് കാനഡയിലെ ഒരുവിഭാഗം സിഖ് വംശജ‍ർക്കിടയിൽ വലിയ വേരോട്ടമുണ്ട്. നിജ്ജാറിൻ്റെ കൊലപാതകത്തിൽ അന്വേഷണം തുടരുന്നതിനിടയിലാണ് ട്രൂഡോയുടെ പ്രസ്താവന. അതേസമയം, അന്വേഷണ ഏജൻസികളുടെ ആരോപണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല. വിഷയത്തിൽ ജി20 ഉച്ചകോടിക്കിടെ ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരോടും ഇൻ്റലിജൻസ് ഉദ്യോഗസ്ഥരോടും ആശങ്ക പ്രകടിപ്പിച്ചതായും ട്രൂഡോ വ്യക്തമാക്കി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അഭിപ്രായവ്യത്യാസമില്ലെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.

“കനേഡിയൻ മണ്ണിൽവെച്ച് ഒരു കനേഡിയൻ പൗരനെ കൊല്ലാനായി ഒരു വിദേശ സർക്കാർ എന്തുപങ്കുവഹിച്ചാലും അത് രാജ്യത്തിൻ്റെ പരമാധികാരത്തിനു നേ‍ർക്കുള്ള കടന്നുകയറ്റമാണ്. ഇത് സ്വതന്ത്ര ജനാധിപത്യ സമൂഹങ്ങൾ കാത്തുസൂക്ഷിക്കുന്ന അടിസ്ഥാനമൂല്യങ്ങൾക്ക് എതിരാണ്.” ട്രൂഡോ ഹൗസ് ഓഫ് കോമൺസിൽ അംഗങ്ങളോട് വ്യക്തമാക്കി. സംഭവത്തിൽ പ്രതികരിക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷൻ തയ്യാറായിട്ടില്ല.

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിനു പിന്നാലെയാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ ഗുരുതരമായ ആരോപണം എന്നത് ശ്രദ്ധേയമാണ്. ജ20 ഉച്ചകോടി വേദിയിൽ നരേന്ദ്ര മോദിയും ജസ്റ്റിൻ ട്രൂഡോയും ഒരു വേദിയിൽ എത്തിയിരുന്നെങ്കിലും ഉഭയകക്ഷി ച‍ർച്ചകളൊന്നും നടന്നിരുന്നില്ല. എന്നാൽ കാനഡയിലെ ഇന്ത്യാവിരുദ്ധ നടപടികളെ മോദി വിമ‍ർശിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും സ്ഥാപനവും ഇന്ത്യൻ സമൂഹവും ആരാധനാലയങ്ങളും കാനഡയിൽ ആക്രമണം നേരിടുന്നുണ്ട് എന്നായിരുന്നു കേന്ദ്രസ‍ർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയത്. ഇതോടെ, വ്യപാരബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച ച‍ർച്ചകൾക്കായി അടുത്ത മാസം കനേഡിയൻ സംഘം നടത്താനിരുന്ന മുംബൈ യാത്ര മാറ്റിവെച്ചു.

കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണെങ്കിലും ഇന്ത്യയും കാനഡയും തമ്മിൽ എക്കാലത്തും അത്ര നല്ല ബന്ധമല്ല ഉള്ളത്. അതേസമയം, കാനഡയുടെ പത്താമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഈ ബന്ധം ശക്തിപ്പെടുത്താനായി കരാ‍ർ ഒപ്പിടാൻ പത്തുവ‍ർഷത്തോളമായി ഇരുരാജ്യങ്ങളും ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ. ഇന്ത്യയെ നേരിട്ട് ലക്ഷ്യംവെക്കുന്ന കനേഡിയൻ പ്രധാനമന്ത്രിയുടെ വാക്കുകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തീ‍ർത്തും മോശമായതിൻ്റെ ലക്ഷണമായാണ് നയതന്ത്രവിദഗ്ധർ വിലയിരുത്തുന്നത്.

പഞ്ചാബിനുശേഷം ഏറ്റവുമധികം സിഖ് വംശജ‍ർ അധിവസിക്കുന്ന പ്രദേശമാണ് കാനഡ. രാജ്യത്ത് ഖലിസ്ഥാൻ അനുകൂല സംഘടനകൾക്കും ആശയങ്ങൾക്കും വലിയ വേരോട്ടമുണ്ട്. നാലുപതിറ്റാണ്ടുമുൻപ് ഇന്ത്യ ഒരു പരിധി വരെ അടിച്ച‍മർത്തിയ ഖലിസ്ഥാൻ ആശയത്തിന് നിലവിൽ കാനഡയിലാണ് ഏറെ പിന്തുണക്കാരുള്ളത്. എന്നാൽ ഇന്ത്യാവിരുദ്ധമായ ഖലിസ്ഥാൻ ആശയത്തെ പ്രതിരോധിക്കാൻ കാനഡ തയ്യാറാകുന്നില്ല എന്ന് ഇന്ത്യയ്ക്ക് ദീ‍ർഘകാലമായി വിമർശനമുണ്ട്. കാനഡയിൽനിന്ന് ഇന്ത്യയ്ക്കെതിരെ ഒരു നീക്കവും നടക്കുന്നില്ലെന്നും എന്നാൽ സ്വതന്ത്രമായ ച‍ർച്ചയും പ്രതിഷേധങ്ങളും അനുവദിക്കുമെന്നുമായിരുന്നു 2018ൽ ട്രൂഡോ നിലപാട് വ്യക്തമാക്കിയത്. ഇതിനിടയിലാണ് ഖലിസ്ഥാനി നേതാവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കാനഡ ഇന്ത്യൻ ഇൻ്റലിജൻസ് ഉദ്യോഗസ്ഥനെ പുറത്താക്കുന്നത്.

ഈ വ‍ർഷം ജൂൺ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ സറിയിൽ വെച്ച് ഹ‍ർദീപ് സിങ് നിജ്ജാ‍ർ കൊലല്പ്പെടുന്നത്. 2020 ജൂലൈ മാസത്തിൽ ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ ജീവനു ഭീഷണിയുള്ളതായി കാനഡയിലെ രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു. ഇയാളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് കൊല നടന്നതെന്ന് കാനഡ‍യിലെ വേൾഡ് സിഖ് ഓ‍ർഗനൈസേഷൻ ആരോപിക്കുന്നു. മുൻപ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജൂൺ മാസത്തിൽ ബ്രാംപ്ടൺ നഗരത്തിൽ സിഖ് സംഘടന പ്രദ‍ർശിപ്പിച്ച ഫ്ലോട്ട് വലിയ വിവാദമായിരുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഇതെന്നായിരുന്നു വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ വിമ‍ർശനം. ഇതിനു പിന്നാലെയാണ് നിജ്ജാറുടെ കൊലപാതകം നടന്നത്. വിഷയത്തിൽ പരസ്യമായ വിമർശനം ഉന്നയിച്ച കാനഡയ്ക്ക് രാഷ്ട്രീയതാത്പര്യങ്ങളുണ്ട് എന്നാണ് ഇന്ത്യയുടെ നിലപാട്.

ഇന്ത്യയുമായി ഉഭയകക്ഷിബന്ധമുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജസ്റ്റിൻ ട്രൂഡോയും തമ്മിൽ അടുത്ത ബന്ധമില്ല. കാനഡയിലെ സിഖ് സമൂഹത്തെ ചേർത്തുനിർത്തുന്ന സമീപനമാണ് ട്രൂഡോയുടെ ലിബറൽ പാ‍ർട്ടിക്ക്. യുക്രൈൻ വിഷയത്തിൽ ഇന്ത്യ റഷ്യയ്ക്ക് നൽകുന്ന പരോക്ഷപിന്തുണ കാനഡ‍യിലെ യാഥാസ്ഥിതിക‍ർക്കിടയിൽ ചർച്ചയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്കെതിരെ നടത്തുന്ന പ്രസ്താവന കാനഡയിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടിയാകില്ല. അതേസമയം, മലയാളികളടക്കം ലക്ഷക്കണക്കിനുപേർ കാനഡയിലേക്ക് കുടിയേറുന്ന പശ്ചാത്തലത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും മോശമാകും.