പത്തനംതിട്ട: സമര വാഴക്കുല ലേലത്തിൽ പോയത് 28000 രൂപക്ക്. ലേല തുക, കെ റെയിലിനായി കല്ലിട്ട, ഒറ്റമുറി വീട്ടിൽ കഴിയുന്ന തങ്കമ്മക്ക് പകരം മറ്റൊരു വീട് വയ്ക്കാൻ സമര സമതി സംഭാവന നൽകി. കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഹ്വാനപ്രകാരം കുന്നന്താനം നടക്കല്ലിൽ നട്ട സമര വാഴയുടെ വിളവെടുപ്പ് മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി നിർവഹിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ പൂവൻ വാഴക്കുല 28,000 രൂപയ്ക്ക് ലേലം ചെയ്തു.

സമര പ്രവർത്തകരുടെയും ബഹുജനങ്ങളുടെയും പിന്തുണയിൽ ആവേശകരമായയാണ് ലേലം നടന്നത്. സമര വാഴക്കുല വിറ്റുപോയത് 28000 രൂപക്കാണ്. ഈ തുക ഒറ്റമുറി വീട്ടിൽ കഴിയുന്ന തങ്കമ്മയുടെ ഭവന നിർമ്മാണ ഫണ്ടിലേക്ക് സംഭാവന ചെയ്തു. തങ്കമ്മയുടെ ഒറ്റമുറി വീട്ടിൽ കെ റയിൽ മഞ്ഞകുറ്റി സ്ഥാപിച്ചിരുന്നു. വീട്ടിലെ അടുപ്പു കല്ല് ഇളക്കിയാണ് കെ റയിൽ മഞ്ഞകുറ്റി സ്ഥാപിച്ചത്.

ജനങ്ങൾ തള്ളിക്കളഞ്ഞ കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി നില കൊള്ളുന്ന എംഎൽഎമാരോടുള്ള പ്രതിഷേധ സൂചകമായി നട്ട വാഴകൾ ജനങ്ങളുടെ പ്രതീകാത്മക സമരമാണ്. അടിച്ചമർത്താൻ സർക്കാർ എത്ര ശ്രമിച്ചാലും പദ്ധതി പിൻവലിക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് തന്നെ പോകുമെന്ന് മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി പറഞ്ഞു.

നടക്കൽ ജങ്ഷനിൽ നടന്ന സമര വാഴയുടെ വിളവെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ജില്ല കൺവീനർ മുരുകേഷ് നടക്കൽ അധ്യക്ഷത വഹിച്ചു. വാഴക്കുല ലേലം ചെയ്ത് ലഭിച്ച 28,000 രൂപ സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവനാണ് തങ്കമ്മയുടെ ഭവന നിർമ്മാണ ഫണ്ടിലേക്ക് കൈമാറിയത്. ജനഹിതത്തിനൊപ്പം നിൽക്കാത്ത ജനപ്രതിനിധികൾക്കെതിരെ കേരളമെമ്പാടും ശക്തമായ പ്രതിഷേധം ഉയർന്നുവരികയാണ്. ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് ഉജ്ജ്വലമായ മാതൃക കാട്ടുകയാണ് കെ റയിൽ വിരുദ്ധസമിതി എന്ന് അദ്ദേഹം പറഞ്ഞു.

തങ്കമ്മ ഭവന നിർമ്മാണ കമ്മിറ്റിക്കു വേണ്ടി സംസ്ഥാന സമിതി അംഗം സിന്ധു ജയിംസ് തുക ഏറ്റുവാങ്ങി. കോട്ടയം ജില്ല ചെയർമാൻ ബാബു കുട്ടൻചിറ, പത്തനംതിട്ട ജില്ല ചെയർമാൻ അരുൺ ബാബു, കുഞ്ഞുകോശി പോൾ, വി എം റെജി, ബിനു ബേബി, റോസിലിൻ ഫിലിപ്പ്, എസ് രാധാമണി, രാധ എം നായർ, ശാന്തമ്മ കുര്യാക്കോസ്, റിജോ മാമൻ, അനിൽ അമ്പാടി തുടങ്ങിയവർ പ്രസംഗിച്ചു. നടക്കൽ ചേട്ടായീസാണ് ലേലത്തിലൂടെ വാഴക്കുല സ്വന്തമാക്കിയത്. നാട്ടിൽ ഇല്ലാത്തവർക്ക് ലേലത്തിൽ പങ്കെടുക്കാൻ ഓൺലൈനിൽ സംവിധാനം ഒരുക്കിയിരുന്നു.