റിയാദ്: ഹൗസ് ഡ്രൈവര്‍ വിസയില്‍ കുവൈത്തിലെത്തിച്ച ശേഷം സന്ദര്‍ശക വിസയില്‍ സഊദിയിലേക്ക് കൊണ്ടുവന്ന ഉത്തരേന്ത്യന്‍ യുവാവ് നാട്ടിലെത്താന്‍ വഴിതേടുന്നു. മരുഭൂമിയില്‍ ദുരിതജീവിതം നയിച്ച ഇയാളെ റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ധീഖ് തുവ്വൂര്‍ അന്വേഷിച്ച് കണ്ടുപിടിച്ചെങ്കിലും മോചനത്തിന് വന്‍തുകയാണ് സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടത്. തുക കണ്ടെത്താന്‍ സഹായം തേടി സിദ്ദീഖ് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടു.

അഞ്ചുമാസമായി മരുഭൂമിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റിയാദില്‍ നിന്ന് 350 കിലോമീറ്റര്‍ ദൂരമുള്ള സ്ഥലത്ത് സിദ്ദീഖ് എത്തിയത്. പോലീസിനോടൊപ്പം മരുഭൂമിയില്‍ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ആളെ കണ്ടെത്തുകയായിരുന്നു.

എന്നാല്‍ തൊഴിലാളിയെ മോചിപ്പിക്കാന്‍ സ്‌പോണ്‍സര്‍ വിസമ്മതിച്ചു. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ 12,000 സൗദി റിയാല്‍ (ഏകദേശം 2.66 ലക്ഷം രൂപ) നല്‍കിയാല്‍ മാത്രമേ വിട്ടയക്കാനാവൂയെന്ന് സ്‌പോണ്‍സര്‍ വ്യക്തമാക്കി. വിസ, യാത്രാ ചെലവുകള്‍ക്ക് വന്‍തുക ചെലവഴിച്ചാണ് തൊഴിലാളിയെ എത്തിച്ചതെന്ന കാരണംപറഞ്ഞാണ് ഈ നിലപാട് സ്വീകരിച്ചത്. കടുത്ത നിലപാട് സ്വീകരിച്ച സ്‌പോണ്‍സര്‍ പണംനല്‍കാതെ തൊഴിലാളിയെ തല്‍ക്കാലത്തേക്ക് പോലും ഇവിടെ നിന്ന് വിട്ടുനില്‍ക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

തുടര്‍ന്ന് പോലീസ് സഹായത്തോടെ തൊഴിലാളിയെയും സ്‌പോണ്‍സറെയും സ്റ്റേഷനിലെത്തിച്ചു. ചര്‍ച്ചക്കൊടുവില്‍ നാലു മാസത്തെ ശമ്പള കുടിശ്ശിക കഴിച്ച് 7,600 റിയാല്‍ (1.68 ലക്ഷത്തോളം രൂപ) നല്‍കിയാല്‍ വിടാമെന്ന് സമ്മതിച്ചു. സ്‌പോണ്‍സറോടൊപ്പം തിരിച്ചയച്ചാല്‍ ജീവന്‍ അപകടത്തിലാകുമെന്നതിനാല്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാത്രി 10 മണിക്ക് മുമ്പായി പണം എത്തിക്കാമെന്ന് ഏറ്റാണ് മടങ്ങിയതെന്നും സിദ്ദീഖ് അറിയിച്ചു. പണം തന്നാല്‍ തൊഴിലാളിയെ വിട്ടയക്കാമെന്നും പാസ്‌പോര്‍ട്ട് കൈമാറാമെന്നും പോലീസ് സാന്നിധ്യത്തില്‍ സ്‌പോണ്‍സറുമായി കരാര്‍ എഴുതുകയും ചെയ്തിട്ടുണ്ട്. ടിക്കറ്റുള്‍പ്പെടെ 8,000 റിയാല്‍ (1.77 ലക്ഷത്തോളം രൂപ) ചെലവഴിച്ചാല്‍ ഇയാളെ നാട്ടിലെത്തിക്കാനാവും. നിയമ നടപടികള്‍ വൈകുമെന്നതിനാല്‍ തുക നല്‍കുകയും പിന്നീട് നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്യുന്നതാണ് നല്ലതെന്നും സിദ്ധീഖ് തുവ്വൂര്‍ പറയുന്നു. കഴിയുന്നവരെല്ലാം സഹായിക്കണമെന്നും സിദ്ധീഖ് അഭ്യര്‍ത്ഥിച്ചു.

സിദ്ദീഖ് തുവ്വൂരിന്റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:
ഹൗസ് ഡ്രൈവര്‍ വിസയില്‍ കുവൈത്തിലെത്തിച്ച ശേഷം സന്ദര്‍ശക വിസയില്‍ സൗദിയിലേക്ക് കൊണ്ട് വന്ന് 5 മാസമായി മരുഭൂമിയില്‍ കുടുങ്ങിയ ഉത്തരേന്ത്യക്കാരനെ മോചിപ്പിക്കാന്‍ സ്‌പോണ്‍സര്‍ നഷ്ടപരിഹാരമായി ചോദിച്ചത് 12,000 സൗദി റിയാല്‍ (രണ്ട് ലക്ഷത്തി അറുപത്തി അയ്യായിരം ഇന്ത്യന്‍ രൂപ). റിയാദില്‍ നിന്ന് 350 കിലോമീറ്റര്‍ ദൂരമുള്ള സ്ഥലത്ത് പോലീസിനോടൊപ്പം മരുഭൂമിയില്‍ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിലാണ് ആളെ കണ്ടെത്തിയത്. ശേഷം സ്‌പോണ്‍സറുമായി സംസാരിച്ച് ഞങ്ങളോടൊപ്പം അദ്ദേഹത്തെ വിടാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ച സ്‌പോണ്‍സറെയും, തൊഴിലാളിയെയും പോലീസ് ഇടപെട്ട് സ്റ്റേഷനിലെത്തിച്ചു. നീണ്ട ചര്‍ച്ചക്കൊടുവില്‍ 4 മാസത്തെ ശമ്പള കുടിശ്ശിക കഴിച്ച് 7,600 റിയാല്‍ നല്‍കിയാല്‍ വിടാമെന്നായി. സ്‌പോണ്‍സറോടൊപ്പം തിരിച്ചയച്ചാല്‍ ജീവന്‍ അപകടത്തിലാ കുമെന്നതിനാല്‍ ഇന്ന് രാത്രി 10 മണിക്ക് മുമ്പായി ക്യാഷ് എത്തിക്കാമെന്നേറ്റു. പോലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തത്തില്‍ ആളെ താമസിപ്പിച്ച് ഞങ്ങള്‍ റിയാദിലേക്ക് തിരിച്ചു. ക്യാഷ് ഏല്‍പിച്ചാല്‍ അദ്ദേഹത്തെയും പാസ്സ്‌പോര്‍ട്ടും കൈമാറാമെന്ന് സ്‌പോണ്‍സറുമായി കരാര്‍ എഴുതുകയും ചെയ്തു. ടിക്കറ്റുള്‍പ്പെടെ 8,000 റിയാല്‍ ആവശ്യമാണ്. നിയമ നടപടികള്‍ വൈകുമെന്നതിനാല്‍ തുക നല്‍കുകയും പിന്നീട് നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്യുന്നതാണ് നല്ലത്. കഴിയുന്നവര്‍ സഹായിച്ചാല്‍ ആ സഹോദരനെ എത്രയും വേഗം നാട്ടിലെത്തിക്കാമായിരുന്നു.

പ്രാര്‍ത്ഥനയോടെ,
സിദ്ദീഖ് തുവ്വൂര്‍.