കോട്ടയം: വിരമിക്കുന്നതിന്റെ രണ്ട് മണിക്കൂര്‍ മുന്‍പ് സസ്‌പെന്‍ഷന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ച് ട്രഷറി വകുപ്പ്. സബ് ട്രഷറി ഓഫിസില്‍നിന്ന് വിരമിച്ച സീനിയര്‍ അക്കൗണ്ടന്റ് കാരാപ്പുഴ ഇടാട്ട് ചിറയില്‍ ടി സുനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ ആണ് പിന്‍വലിച്ചത്. പിന്നാലെ പെന്‍ഷന്‍ ആനൂകൂല്യങ്ങള്‍ കൈമാറാന്‍ നടപടി എടുത്തെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ട്രഷറി ഡയറക്ടറോട് മൊബൈല്‍ ഫോണില്‍ അപമര്യാദയായി സംസാരിച്ചെന്ന് ആരോപിച്ചാണ് വിരമിക്കുന്നതിന് രണ്ടുമണിക്കൂര്‍ മൂന്‍പ് സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതും പെന്‍ഷനും ഗ്രാറ്റുവിറ്റിയും തടഞ്ഞുവെച്ചതും. കൂടാതെ, കാന്‍സര്‍ ബാധിതനായി സുനില്‍കുമാര്‍ (56) ഗുരുതരാവസ്ഥയില്‍ ചികിത്സയിലുമാണ്. ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനാല്‍ വീടും സ്ഥലവും ബാങ്കില്‍ പണയപ്പെടുത്തിയാണ് സുനില്‍കുമാര്‍ ചികിത്സ തേടിയത്.

തിങ്കളാഴ്ച ഉച്ചയോടെ ജില്ലാ ട്രഷറി ഓഫിസറും സബ് ട്രഷറി ഓഫിസറും ഉള്‍പ്പെടെ ഏഴ് ജീവനക്കാര്‍ ആശുപത്രിയിലെത്തി രേഖകള്‍ കൈമാറി. സുനില്‍കുമാറിന്റെ സഹോദരി ദേവയാനി ട്രഷറിയിലെത്തി ആദ്യഗഡു കൈപ്പറ്റി. പെന്‍ഷന്‍ തുകയില്‍നിന്ന് ചികിത്സാചെലവിനായി അടിയന്തരമായി രണ്ടുലക്ഷം രൂപയാണ് അനുവദിച്ചത്. ബാക്കി തുക രണ്ടാഴ്ചയ്ക്കുള്ളില്‍ അനുവദിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതായി വീട്ടുകാര്‍ പറഞ്ഞു.

ട്രഷറി ഡയറക്ടര്‍ വിളിച്ചപ്പോള്‍ ആളറിയാതെ സംസാരിച്ചതാണെന്നാണ് സുനില്‍കുമാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍, ഇത് അധികൃതര്‍ ഗൗരവത്തില്‍ എടുത്തില്ല.