തിരുനെൽവേലി: തമിഴ്നാട്ടിലെ മുണ്ടുതുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ. മഞ്ചോലയിലെ തേയിലത്തോട്ടം മേഖലയിലാണ് ആനയെത്തിയത്. തൊഴിലാളികൾ താമസിക്കുന്ന മേഖലയാണിത്. റേഡിയോ കോളർ വഴി ആനയുടെ സഞ്ചാരം തമിഴ്നാട് വനംവകുപ്പ് നിരീക്ഷിക്കുകയാണ്.

ആനയെ തുറന്നുവിട്ട സ്ഥലത്തുനിന്ന് 25 കിലോമീറ്ററോളം സഞ്ചരിച്ചിട്ടുണ്ട്. കുതിരവട്ടി എന്ന സ്ഥലത്താണ് ഇപ്പോൾ നിലയുറപ്പിച്ചതെന്ന് തമിഴ്നാട് വനംവകുപ്പ് പറയുന്നു.

ഇടുക്കി ചിന്നക്കനാൽ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കിയതിനെ തുടർന്ന് കേരള വനംവകുപ്പ് പിടികൂടി കാടുകടത്തിയ അരിക്കൊമ്പൻ തമിഴ്നാട് കമ്പം തേനി ജനവാസ മേഖലയിൽ ശല്യമുണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് തമിഴ്നാട് വനംവകുപ്പ് പിടികൂടി തിരുനൽവേലി ജില്ലയിലെ മുണ്ടുതുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിടുകയായിരുന്നു.

അതേസമയം, ആനയെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടങ്ങൾ തുടരുകയാണ് അരിക്കൊമ്പൻ പ്രേമികൾ. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹരജി സമർപ്പിച്ചിരിക്കുകയാണ്. സെപ്റ്റംബർ 22ന് ഹരജി പരിഗണിക്കുമെന്നാണ് വിവരം.