മുംബൈ/ ആലുവ: മുംബൈയിൽ കാണാതായ മലയാളി വിദ്യാർഥിയെ നാഗ്പൂരിൽ കണ്ടെത്തി. ആലുവ എടയപ്പുറം കൊടവത്ത് അഷ്റഫിൻറെ മകൻ ഫാസിലിനെയാണ് കണ്ടെത്തിയത്. ആഗസ്റ്റ് 26നാണ് കാണാതായത്.

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ താന്‍ ഉണ്ടെന്ന വിവരം ഇന്നലെ രാത്രി ഫാസില്‍ പിതാവിനെ വിളിച്ചറിയിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മുംബൈയിൽ ഉണ്ടായിരുന്ന പിതാവ് ഉടൻ തന്നെ നാഗ്പൂരിരിലെത്തി മകനെ കണ്ടുമുട്ടി. ഫാസിലിന്റെ തിരോധാനക്കേസ് മുംബൈ കൊളാബ പൊലീസിന് പുറമെ ആലുവ റൂറൽ പൊലീസും അന്വേഷിച്ചിരുന്നു. പൊലീസില്‍ ഹാജരായി മൊഴി നല്‍കിയ ശേഷം ഫാസില്‍ നാട്ടിലേക്ക് തിരിക്കും.

നാഗ്പൂരിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നുവെന്നാണ് അറിയുന്നത്. മുംബൈയിലെ എച്ച്.ആർ കോളജിലെ ബിരുദ വിദ്യാർഥിയായ ഫാസിൽ താമസ സ്ഥലത്തുനിന്ന് ബാഗുമായി ഇറങ്ങുന്ന ചിത്രം പുറത്തുവന്നിരുന്നു. പിന്നീട് നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ അവിടെയെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. ഫാസിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ പിന്നീട് ഓൺ ചെയ്യാത്തതിനാൽ ലൊക്കേഷൻ മനസിലാക്കാനും സാധിച്ചിട്ടില്ല. വിദ്യാർഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആലുവ റൂറൽ പൊലീസിൽ പിതാവ് നൽകിയിരുന്നു.

ഫാസിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചപ്പോൾ ഓൺലൈൻ വായ്പാതട്ടിപ്പിന് ഇരയായിരുന്നതായാണ് സൂചന ലഭിച്ചിരുന്നത്. ഫാസിൽ ഓൺലൈൻ വഴി 12 ദിവസത്തിനിടെ 19 സ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. ആറ് സ്ഥാപനങ്ങളുമായി പണമിടപാടുകൾ നടത്തിയതായാണ് കണ്ടെത്തിയിരുന്നത്. ആറ് സ്ഥാപനങ്ങൾക്കായി രണ്ട് ലക്ഷം രൂപയാണ് ഫാസിൽ നൽകിയിട്ടുള്ളത്.

മോക്ഷ ട്രേഡേഴ്സ്, വിഷൻ എന്റർപ്രൈസസ്, ഓം ട്രേഡേഴ്സ്, ശീതൾ ട്രേഡേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്. ഇതിൽ 1.2 ലക്ഷം രൂപയുടെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും അധികം പണം കൈമാറിയത് മോക്ഷ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനാണ്. ഗൂഗിൾ പേ വഴി മോക്ഷയ്ക്ക് 95,000 രൂപയും വിഷൻ എൻറർപ്രൈസസ് എന്ന സ്ഥാപനത്തിന് 25,000 രൂപയും കൈമാറി. എന്നാൽ ഈ ഈ സ്ഥാപനങ്ങളൊക്കെ എവിടെയുള്ളതാണെന്ന് കണ്ടെത്താനായിട്ടില്ല. ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് സംഘത്തിന്റെ ഭീഷണി ഭയന്ന് ഫാസില്‍ നാട് വിട്ടതാകാമെന്ന സംശയത്തിലാണ് പിന്നീട് അന്വേഷണം തുടര്‍ന്നത്. ഫാസിലിന്റെ മൊഴിയെടുത്താൽ ഇക്കാര്യത്തിൽ വ്യക്തതവരും.