ന്യൂഡൽഹി: പാർലമെന്‍റ് സമ്മേളനത്തിന്‍റെ ഒന്നാംദിവസം കേന്ദ്ര സർക്കാറിനെതിരെ അതിരൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസിന്‍റെ രാജ്യസഭാംഗം ഡെറിക് ഒബ്രിയാൻ. പാർലമെന്‍റിനെ എനിക്ക് തിരിച്ചുതരൂ എന്നാരംഭിച്ച പ്രസംഗം പ്രതിപക്ഷാംഗങ്ങളുടെ കൈയടിയോടെയാണ് ആരംഭിച്ചത്. ബി.ജെ.പി സർക്കാർ സകല മേഖലയിലും രാജ്യത്തെ പിന്നോട്ടടിക്കുന്നത് എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു പത്ത് മിനിട്ട് നീണ്ട പ്രസംഗം. 18 മിനിട്ട് സമയം ഉണ്ടായിരുന്നെങ്കിലും പത്ത് മിനിട്ട് മാത്രമായിരുന്നു സഭാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അനുവദിച്ചത്. ഇതോടെ പ്രസംഗം മുഴുവനാക്കാതെ ഡെറിക് ഒബ്രിയാന് അവസാനിപ്പിക്കേണ്ടിവന്നു.

പ്രസംഗത്തിന്‍റെ പൂർണരൂപം…

എന്‍റെ പാർലമെന്‍റ് എനിക്ക് തിരിച്ചു തരൂ. പരിഹാസപാത്രമാകാത്ത, ദുർബലമാക്കപ്പെടാത്ത പാർലമെന്‍റിനെ എനിക്ക് തിരിച്ചു തരൂ. രാജ്യസഭയിലും ലോക്സഭയിലും പ്രധാനമന്ത്രി വന്ന് ചോദ്യങ്ങൾക്ക് മറുപടി പറയുന്ന പാർലമെന്‍റിനെ തിരിച്ചുതരൂ. കഴിഞ്ഞ ഏഴ് വർഷം ഒരു ചോദ്യത്തിനു പോലും പാർലമെന്‍റിൽ ഉത്തരം നൽകിയിട്ടില്ല. ദേശീയപ്രാധാന്യമുള്ള വിഷയങ്ങൾ രാവിലെ 11 മുതൽ ചർച്ച ചെയ്യുന്ന പാർലമെന്‍റിനെ തിരിച്ചുതരൂ. കഴിഞ്ഞ ഏഴ് വർഷത്തിനിടെ പ്രതിപക്ഷം നൽകിയ ഒരു നോട്ടീസ് പോലും പാർലമെന്‍റിൽ സ്വീകരിക്കപ്പെട്ടിട്ടില്ല. പ്രധാനമന്ത്രി എപ്പോഴും നമ്മളോടൊപ്പമുണ്ടാകുന്ന ഒരു പാർലമെന്‍റിനെ തിരിച്ചുതരൂ. ബില്ലുകളിൽ അംഗങ്ങളെ വോട്ട് രേഖപ്പെടുത്താൻ അനുവദിക്കുന്ന പാർലമെന്‍റ് തിരിച്ചുതരൂ. അഞ്ച് വർഷമായി ലോക്സഭയിൽ ഡെപ്യൂട്ടി സ്പീക്കറില്ല. ഡെപ്യൂട്ടി സ്പീക്കറുള്ള പാർലമെന്‍റിനെ തിരിച്ചുതരൂ.

ഏകാധിപത്യത്തോടെയല്ലാതെ സഹകരണാടിസ്ഥാനത്തിൽ നയം രൂപീകരിക്കുന്ന പാർലമെന്‍റിനെ തിരിച്ചുതരൂ. പത്തിൽ ഒന്ന് ബില്ലുകൾ മാത്രമാണ് പാർലമെന്‍ററി സമിതിക്ക് മുന്നിൽ സൂക്ഷ്മപരിശോധനക്കായി നൽകുന്നത്. നിയമനിർമാണം സൂക്ഷ്മപരിശോധനക്ക് വിധേയമാകുന്ന ഒരു പാർലമെന്‍റിനെ തിരിച്ചുതരൂ. പത്തിൽ ഒമ്പത് ബില്ലുകളും മതിയായ ചർച്ചകളില്ലാതെയാണ് അവതരിപ്പിക്കുന്നത്. രാജ്യത്തിന്‍റെ ഫെഡറൽ സ്വഭാവം നിലനിർത്തിക്കൊണ്ടുള്ള ബില്ലുകൾ പാസ്സാക്കുന്ന പാർലമെന്‍റിനെ തിരിച്ചുതരൂ. പാസ്സാകുന്ന മൂന്നിലൊന്ന് ബില്ലുകളും സംസ്ഥാന വികാരങ്ങളെ ഹനിക്കുന്നതും ഫെഡറൽ സംവിധാനത്തിനെതിരുമാണ്. പുതിയ മന്ദിരത്തിലേക്ക് മാറുമ്പോഴെങ്കിലും പാർലമെന്‍റിനെ തിരിച്ചുതരൂ. ഒരുപാട് ബന്ധങ്ങൾ, സൗഹൃദങ്ങൾ, ആശയവിയോജിപ്പുകൾക്കപ്പുറമുള്ള ബന്ധങ്ങൾ, പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോളുള്ള പരസ്പര ആശ്വസിപ്പിക്കലുകൾ, പേരക്കുട്ടികൾ ജനിക്കുമ്പോളുള്ള ആഘോഷങ്ങൾ, ഇതെല്ലാം നടക്കുന്ന പാർലമെന്‍റ് സെൻട്രൽ ഹാളിനെ തിരിച്ചുതരൂ. പുതിയ മന്ദിരത്തിലേക്ക് പോകുകയാണെങ്കിലും ഞങ്ങളുടെ സെൻട്രൽ ഹാളിനെ സജീവമാക്കൂ.

എനിക്ക് എന്‍റെ ഇന്ത്യയെ തിരിച്ചുതരൂ. എന്‍റെ ഭാരതത്തെ തിരിച്ചുതരൂ. അഞ്ച് മാസമായി അക്രമം തുടരുന്ന ഒരു സംസ്ഥാനമില്ലാത്ത ഇന്ത്യയെ തിരിച്ചുതരൂ. മണിപ്പൂരിനോട് ഞാൻ ക്ഷമ ചോദിക്കുന്നു, പ്രധാനമന്ത്രിയെ അങ്ങോട്ടേക്ക് അയക്കാൻ ഇനിയും ഞങ്ങൾക്ക് സാധിച്ചിട്ടില്ല. മൂന്നിലൊന്ന് യുവാക്കൾ തൊഴിൽരഹിതരല്ലാത്ത ഇന്ത്യയെ തിരിച്ചു തരൂ. ഭക്ഷ്യവിലപ്പെരുപ്പം രണ്ടക്കത്തിലെത്താത്ത, പോഷകാഹാരം ലഭിക്കാത്ത നാലിൽ മൂന്ന് പേരില്ലാത്ത ഇന്ത്യയെ തിരിച്ചു തരൂ. സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്ക് കടുത്ത ശിക്ഷ നൽകുന്ന ഇന്ത്യയെ തിരിച്ചു തരൂ. വനിത കായികതാരങ്ങൾ ലൈംഗികമായി പീഡിപ്പിക്കപ്പെടാത്ത, അധികാരമുള്ള പീഡകരെ സംരക്ഷിക്കാത്ത ഇന്ത്യയെ തിരിച്ചു തരൂ. മമത ബാനർജി നയിക്കുന്ന എന്‍റെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിന് വനിത സംവരണ ബില്ലിൽ നിന്നും പാഠമുൾക്കൊള്ളേണ്ട ആവശ്യമില്ല. ഞങ്ങൾ ഇപ്പോൾ തന്നെ മൂന്നിലൊന്ന് വനിതകളെ പാർലമെന്‍റിലെത്തിച്ചിരിക്കുന്നു. എന്നാൽ ഏത് പാർട്ടിയായാലും ചെയ്യരുതാത്തത് ചെയ്ത പുരുഷന്മാരെ വെറുതെ വിടരുത്. കർഷകർക്ക് വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പുതരുന്ന, വൻകിട കോർപറേറ്റുകളെക്കാൾ കർഷകരെ പരിഗണിക്കുന്ന, കർഷക ആത്മഹത്യകൾ കഴിഞ്ഞ കാലത്തെ സംഭവം മാത്രമായിരുന്ന ഇന്ത്യയെ തിരിച്ചു തരൂ. പതിനായിരം കർഷകർ 2021ൽ ആത്മഹത്യ ചെയ്തു. സൈനികർ വീരമൃത്യു വരിക്കുമ്പോൾ പാർട്ടിയിൽ പങ്കെടുക്കാത്ത, അനുശോചനമറിയിക്കുന്ന പ്രധാനമന്ത്രിയുള്ള ഇന്ത്യയെ തിരിച്ചു തരൂ. രാഷ്ട്രീയ ലാഭങ്ങൾക്കായി ഉള്ളുപൊള്ളയായ ദേശീയത ഞങ്ങളെ കാണിക്കേണ്ടതില്ല. കേന്ദ്രം ഭരിക്കുന്നവരുടെ രാഷ്ട്രീയമല്ല എന്ന കാരണത്താൽ സംസ്ഥാനങ്ങളുടെ ഫണ്ടുകൾ നഷ്ടപ്പെടുത്താത്ത ഇന്ത്യയെ തിരിച്ചു തരൂ. ബംഗാളിന് പതിനായിരക്കണക്കിന് കോടിയുടെ ഫണ്ടാണ് നഷ്ടപ്പെടുത്തിയത്. ലാഭകരമായ പൊതുസ്ഥാപനങ്ങളുള്ള, രാജ്യത്തിന്‍റെ കിരീടസ്ഥാപനങ്ങളായ റെയിൽ, സെയിൽ, ഭെൽ, ബി.എസ്.എൻ.എൽ മുതലായവ സ്വകാര്യവത്കരിക്കാത്ത ഇന്ത്യയെ തിരിച്ചു തരൂ. ജനങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം തട്ടിപ്പുകാരും കോർപറേറ്റുകളും ഉണ്ടാക്കുന്ന 13 ലക്ഷം കോടിയുടെ നഷ്ടം നികത്താൻ ഉപയോഗിക്കാത്തെ ഇന്ത്യയെ തിരിച്ചു തരൂ. സാമ്പത്തിക തട്ടിപ്പുകാർ ഇന്ത്യയെ കൊള്ളയടിച്ച് വിദേശങ്ങളിലേക്ക് രക്ഷപ്പെടുമ്പോൾ ഇവിടെ സാധാരണക്കാരന്‍റെ ഗ്യാസ് സിലിണ്ടറിന് വില കൂട്ടുകയാണ്. ഭരണകൂടത്തിന് കീഴ്പ്പെടുത്താനായി ഭരണഘടനാസ്ഥാപനങ്ങളെ ദുർബലപ്പെടുത്താത്ത ഇന്ത്യയെ തിരിച്ചു തരൂ.

ഭരണത്തിലുള്ള പാർട്ടിയുടെ അടിമകളല്ലാത്ത മാധ്യമ മുതലാളിമാരുള്ള രാജ്യത്തെ തിരിച്ചു തരൂ. മാധ്യമപ്രവർത്തകരെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. യഥാർഥ മാധ്യമപ്രവർത്തകർ മാധ്യമപ്രവർത്തകരായി തുടരും. മാധ്യമ ഉടമകളാണ് യഥാർഥ വില്ലൻമാർ. ജി.ഡി.പി കൃത്രിമമായി ഉയർത്തിക്കാട്ടാത്ത, അത് കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്താത്ത, അന്താരാഷ്ട്ര സമ്മേളനങ്ങൾ നടക്കുമ്പോൾ ചേരികൾ പച്ച കർട്ടനുകൾ കൊണ്ട് മൂടാത്ത ഇന്ത്യയെ തിരിച്ചു തരൂ. വിയോജിപ്പിന്‍റെ അർഥം ജയിലല്ലാത്ത ഇന്ത്യയെ തിരിച്ചു തരൂ. ഫാദർ സ്റ്റാൻ സ്വാമി, സിദ്ദീഖ് കാപ്പൻ, വരവര റാവു, ഗൗതം നവലാഖ, ആനന്ദ് തെൽതുംഡെ ഉൾപ്പെടെ എത്രയോ പേർ. മതപ്രചാരണത്തിന് ശാസ്ത്രത്തെ കൂട്ടുപിടിക്കാത്ത ഇന്ത്യയെ തിരിച്ചു തരൂ. ചന്ദ്രയാന്‍റെ ചാമ്പ്യന്മാരാണ് നമ്മൾ. എട്ട് മണിക്ക് ഒരു മനുഷ്യൻ നോട്ട് നിരോധിച്ചുവെന്ന് വിചിത്രമായ പ്രസ്താവന നടത്തിയത് കാരണം മരിച്ചുവീഴുന്ന മനുഷ്യരില്ലാത്ത ഇന്ത്യയെ തിരിച്ചു തരൂ. പോസിറ്റീവ് വശങ്ങളിലേക്ക് നോക്കുകയാണെങ്കിൽ ബംഗാളിലേതുപോലെ സംസ്ഥാന സർക്കാറുകളുടെ നയങ്ങളിലേക്ക് നോക്കൂ. അവരിൽ നിന്ന് പഠിക്കാം. സ്ഥിതിവിവരക്കണക്കുകളെയും വിശകലനങ്ങളെയും ശത്രുവായി കാണാത്ത ഭരണകൂടമുള്ള ഇന്ത്യയെ തിരിച്ചു തരൂ. കോർപറേറ്റ് ലാഭത്തിനായി പരിസ്ഥിതിയെ ബലിനൽകാത്ത, ഭാഷയെ ആശയവിനിമയത്തിനുള്ള ഒരു മാധ്യമമായി കാണുന്ന ഇന്ത്യയെ തിരിച്ചു തരൂ.