തെഹ്റാൻ: യു.എസ്-ഇറാൻ ഉടമ്പടിയുടെ ഭാഗമായി ഇറാൻ തടവിലാക്കിയ അഞ്ച് യു.എസ് പൗരൻമാർ സ്വന്തം രാജ്യത്തേക്ക് മടങ്ങി. ഇതിനുപകരമായി അമേരിക്ക തടവിലാക്കിയ അഞ്ച് ഇറാൻ പൗരൻമാരെയും വിട്ടയച്ചു. അമേരിക്ക മരവിപ്പിച്ച 600 കോടി യു.എസ് ഡോളറിന്റെ ഇറാൻ ഫണ്ടും വിട്ടുകൊടുത്തിട്ടുണ്ട്. ഖത്തറാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥരായി നിന്നത്. മരവിപ്പിച്ച തുക ദോഹയിലെ അക്കൗണ്ടിലെത്തിയത് ഉറപ്പിച്ചതിനുപിന്നാലെ ഖത്തർ വിമാനം തെഹ്റാനിലിൽനിന്ന് അഞ്ച് യു.എസ് പൗരന്മാരെയും അവരുടെ രണ്ടു ബന്ധുക്കളെയും കൊണ്ട് പറന്നു.
അമേരിക്ക സ്വതന്ത്രരാക്കിയവരിൽ രണ്ട് ഇറാനികൾ ഖത്തറിൽ എത്തിയിട്ടുണ്ട്. മൂന്നുപേർ ഇറാനിലേക്ക് മടങ്ങുന്നില്ലെന്ന നിലപാട് സ്വീകരിച്ചതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ദോഹയിൽ മാസങ്ങൾ നീണ്ട ചർച്ചയിലാണ് ഇരുരാജ്യങ്ങളും അനുരഞ്ജനത്തിലെത്തിയത്. എന്നാൽ, ഇറാന്റെ ആണവ പദ്ധതി, ഗൾഫിലെ യു.എസ് സാന്നിധ്യം തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ തുടരും. തടവുകാരുടെ കൈമാറ്റം വാഷിങ്ടണിന് ഇറാനോടുള്ള സമീപനത്തിൽ ഒരുമാറ്റവുമുണ്ടാക്കില്ലെന്ന് ഇതിനകം മുതിർന്ന യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
2018ൽ ഇറാനെതിരായ യു.എസ് ഉപരോധം ശക്തമാക്കിയതിനെ തുടർന്ന് ദക്ഷിണ കൊറിയയിൽ തടഞ്ഞുവെച്ച പണം തെഹ്റാനിൽ ലഭ്യമാകുമെന്ന് ഇറാൻ വിദേശകാര്യ വക്താവ് നാസർ കനാനി പറഞ്ഞു. ഈ പണം കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള വസ്തുക്കൾ വാങ്ങുന്നതിനും മറ്റും ഉപയോഗിക്കും. യു.എസ് ഉപരോധ പട്ടികയിലുള്ള വസ്തുക്കൾക്കായി പണം ചെലവിടില്ല. ഇത് കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്.ഇറാൻ വിട്ടയച്ച അഞ്ച് യു.എസ് പൗരന്മാരും ഇറാൻ പൗരത്വംകൂടിയുള്ളവരാണ്. ഇതിൽ രണ്ടുപേർ ബിസിനസുകാരാണ്. മറ്റൊരാൾ പരിസ്ഥിതി ശാസ്ത്രജ്ഞനും. മറ്റു രണ്ടുപേരിലൊരാൾ വനിതയാണ്.